ജിസാൻ ചെങ്കടൽ ഭാഗങ്ങളിൽ ‘പാരറ്റ് ഫിഷി’െൻറ കാഴ്ചകൾ
ജിസാൻ: സമ്പന്നമായ പ്രകൃതിദത്തവും തീരദേശപരവുമായ സവിശേഷതകളാൽ പ്രശസ്തമായ ജിസാൻ ചെങ്കടൽ പ്രദേശങ്ങളിൽ ഇപ്പോൾ ‘പാരറ്റ് ഫിഷ്’ അഥവാ തത്തമീനുകളുടെ വർണാഭമായ കാഴ്ചകൾ വിസ്മയം തീർക്കുന്നു. രാജ്യത്തെ ജൈവ വൈവിധ്യത്തിനും മത്സ്യബന്ധനത്തിനുമുള്ള പ്രധാന മേഖലകളിലൊന്നാണ് ജിസാൻ.
വർണ മത്സ്യങ്ങളും വൈവിധ്യമാർന്ന പവിഴപ്പുറ്റുകളും കൊണ്ട് സമൃദ്ധമായ ഇവിടുത്തെ ജലാശയങ്ങളിൽ സുസ്ഥിര സമുദ്ര ആവാസവ്യവസ്ഥയെയും പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങളെയും പിന്തുണക്കുന്ന വിവിധ പരിപാടികളും പദ്ധതികളും ഇപ്പോൾ ഊർജിതമായി നടക്കുകയാണ്.
മത്സ്യങ്ങളുടെ പ്രജനനത്തിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാനും, വളരുന്ന സാമ്പത്തിക-വിനോദസഞ്ചാര അവസരങ്ങൾ സൃഷ്ടിക്കാനുമായി അധികൃതർ നടപ്പാക്കിയ പ്രത്യേക പദ്ധതികൾ വലിയ രീതിയിൽ ഫലം കണ്ടിട്ടുണ്ട്. ശാസ്ത്രീയമായി ‘കലോട്ടോമസ് സോണാർക്കസ്’ എന്നറിയപ്പെടുന്ന പാരറ്റ് ഫിഷുകൾ ജിസാൻ ചെങ്കടൽ ഭാഗത്ത് ഇപ്പോൾ ധാരാളമായി കാണപ്പെടുന്ന സീസണാണ്. ഉഷ്ണമേഖല ജലത്തിൽ കാണപ്പെടുന്ന ഇവ തിളക്കമുള്ള നിറങ്ങൾ കൊണ്ടും തനിമയാർന്ന പ്രത്യേകതകൾ കൊണ്ടും വേറിട്ടുനിൽക്കുന്നു. ആഗോളതലത്തിൽ ഏകദേശം 90 മുതൽ 95 വരെ ഇനങ്ങളിൽ പാരറ്റ് ഫിഷുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഏകദേശം 17 വിഭാഗങ്ങളിൽപെട്ട പാരറ്റ് ഫിഷുകളെ ജിസാൻ ചെങ്കടൽ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
മാർച്ച് അവസാനം മുതൽ ഏപ്രിൽ അവസാനം വരെയാണ് ഈ മത്സ്യങ്ങളുടെ കുടിയേറ്റം നടക്കുന്നത്. രാത്രികാലങ്ങളിൽ ഏഴ് മുതൽ 12 വരെ കൂട്ടങ്ങളായാണ് ഇവ ദേശാടനം നടത്തുന്നത്. ഓരോ കൂട്ടത്തിലും 200 മുതൽ 500 വരെ മത്സ്യങ്ങൾ ഉണ്ടാകും. എന്നാൽ ചെങ്കടലിെൻറ ചില ഭാഗങ്ങളിൽ ഒരു കൂട്ടത്തിൽ തന്നെ 3,000 മുതൽ 5,000 വരെ മത്സ്യങ്ങളെ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിസാൻ നഗരത്തിെൻറ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഫറസാൻ ദ്വീപുകളിലെ അൽ ഹാസിസ് ബീച്ചിൽ പാരറ്റ് ഫിഷിെൻറ ഈ വർണാഭമായ കാഴ്ചകൾ ആസ്വദിക്കാൻ ഇപ്പോൾ ധാരാളം സന്ദർശകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.