ട്രക്കുകളിലെ ജോലി  സ്വദേശിവത്കരിക്കാന്‍ നീക്കം

റിയാദ്: ചരക്കുഗതാഗത മേഖലയിലെ ട്രക്കുകളിലെ ജോലി 100 ശതമാനവും സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം നീക്കം തുടങ്ങി. ആഭ്യന്തര, ഗതാഗത മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഈ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ കടകളില്‍ നൂറു ശതമാനം സ്വദേശിവതകരണം നടപ്പാക്കിയതിന് തൊട്ടുടനെയാണ് ചെറിയ പിക്കപ്പുകള്‍, ഇടത്തരം ട്രക്കുകള്‍, കേടായ വാഹനങ്ങള്‍ കൊണ്ടുപോകുന്ന വിഞ്ചുകള്‍ എന്നിവയിലെ ജോലി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്. 
ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് മാത്രമേ നല്‍കയിരുന്നുള്ളൂവെങ്കിലും ഡ്രൈവര്‍മാറും ലോഡിങ് ജോലിക്കാരുമായി വിദേശികളെ നിയമിക്കാന്‍ നിയമം അനുവദിച്ചിരുന്നു. ആയിരക്കണക്കിന് വിദേശികള്‍ നിലവില്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം കാരണമായി ജോലി നഷ്ടപ്പെട്ട നിരവധി വിദേശികള്‍ ട്രക്കുകള്‍ ഓടിക്കുന്ന ജോലിയിലേക്ക് തിരിഞ്ഞത് ഈ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
കുറഞ്ഞ നിരക്കിന് ചരക്ക്, വാഹന ഗതാഗത ജോലിയില്‍ സ്വദേശികളോട് മത്സരിക്കുന്ന വിദേശികള്‍ തങ്ങളുടെ വരുമാനത്തിന് ഭീഷണി സൃഷ്ടിക്കുകയാണെന്നും സ്വദേശി ജോലിക്കാര്‍ പരാതിപ്പെട്ടിരുന്നു.
 ഈ സാഹചര്യത്തിലാണ് ട്രക്കുകളിലെ ജോലി പൂര്‍ണമായും സ്വദേശികള്‍ക്ക് നീക്കിവെക്കാന്‍ തൊഴില്‍, ആഭ്യന്തര, ഗതാഗത മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സംയുക്ത നീക്കം നടത്തുന്നത്. അതേസമയം നിയമം പ്രാബല്യത്തില്‍ വരുന്ന തിയതിയോ മറ്റു വിശദാംശങ്ങളോ പുറത്തു വിട്ടിട്ടില്ല്ള. വലിയ ട്രക്കുകളും ട്രയിലറുകളും നിയമത്തിന്‍െറ പരിധിയില്‍ വരുമോയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.