യു.പി സ്വദേശിയുടെ മരണം: മൂന്ന്  മലയാളികളടക്കം അഞ്ചു പേര്‍ കസ്റ്റഡിയില്‍

സാകാക: ഉത്തര്‍പ്രദേശ് സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. സകാകയിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ അറ്റകുറ്റ പണി നടത്തുന്ന കരാര്‍ കമ്പനിയിലെ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി അഞ്ച് ദിവസം മുമ്പാണ് താമസിക്കുന്ന മുറിയില്‍ അസ്വാഭാവികമായ നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തില്‍ തുണികൊണ്ട് കുരുക്കിട്ട നിലയിലും വയറ്റില്‍ കത്തി കൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം. തുടര്‍ന്നാണ് ഇയാളുടെ മുറിയിലെ സഹതാമസക്കാരായ അഞ്ചുപേരെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയത്. അഞ്ചുപേരും സകാകയിലെ ഖാലിദിയ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. മ
രിച്ചയാള്‍ രണ്ട് മാസത്തിലേറെയായി ശമ്പളം കിട്ടാഞ്ഞതിനാല്‍ ജോലിക്ക് പോകാതെ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. സംഭവ ദിവസവും രാവിലെ 7.30 ഓടെ മറ്റുള്ളവര്‍ ജോലിക്ക് പോകുമ്പോള്‍ ഇയാള്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.30 ഓടെ ജോലികഴിഞ്ഞത്തെിയ സഹപ്രവര്‍ത്തകര്‍ കണ്ടത് മരിച്ചുകിടക്കുന്നതാണ്. മുറി പൂട്ടിയ നിലയിലായിരുന്നു. മുറിയിലെ മറ്റ് താമസക്കാര്‍ വന്ന് താഴ് തുറന്നാണ് അകത്തു കടന്നതും. 
കരുനാഗപ്പളളി, പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളായ യുവാക്കളാണ് രണ്ട് വടക്കേ ഇന്ത്യക്കാരോടൊപ്പം പൊലീസ് കസ്റ്റഡിയിലുള്ളത്. 
ഇവരെ സ്റ്റേഷനില്‍ കാണാന്‍ ചെന്ന അല്‍ജൗഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധീര്‍ ഹംസ പൊലീസ് അധികൃതരോട് അന്വേഷിച്ചപ്പോള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ അടുത്ത നടപടികളുണ്ടാവൂ എന്നും അതുവരെ കസ്റ്റഡി തുടരുമെന്നും പോലീസ് മേധാവി അറിയിച്ചു. മലയാളികളുടെ നാട്ടിലെ കുടുംബങ്ങളെല്ലാം ഉത്കണ്ഠയിലാണ്. വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.