ഗള്‍ഫ് റെയില്‍വേ പദ്ധതി: 80,000ത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ജിദ്ദ: 2018ല്‍ ഗള്‍ഫ് റെയില്‍വേ പദ്ധതി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 80000 ത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളുടെ ചേംബര്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹീം നഖിഅ്നെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ധാരാളം നേട്ടങ്ങള്‍ ഈ ഭീമന്‍ പദ്ധതിയിലൂടെ ഉണ്ടാകും. വിവിധ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം ഗള്‍ഫ് മേഖലയുടെ സാമ്പത്തിക, സാമൂഹിക മേഖലകളെ പുഷ്ടിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സൗദി റെയില്‍വേ അതിന്‍െറ റിപ്പോര്‍ട്ടില്‍ ഗള്‍ഫ് റെയില്‍വേ പദ്ധതി സംബന്ധിച്ച് പറഞ്ഞിട്ടുണ്ട്. പദ്ധതിക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അതീവ പ്രധാന്യം കൊടുക്കുന്നുണ്ട്. പഠനം നടത്തുന്നതിന് വിദഗ്ധ കമ്പനികളെ ചുമതലപ്പെടുത്തി. വിശദമായ സാമ്പത്തിക, സാങ്കേതിക റിപ്പോര്‍ട്ടുണ്ടാക്കാന്‍ സമിതി രൂപവത്കരിച്ചു. റെയില്‍വേ ലൈനുകള്‍ കടന്നുപോകേണ്ട സ്ഥലങ്ങള്‍ നിര്‍ണയിക്കുകയും പദ്ധതി നടപ്പിലാക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. വിത്യസ്ത ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. അതിന് സമയപരിധി നിര്‍ണയിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ സാമ്പത്തിക പഠനങ്ങളും വിശദമായ എന്‍ജിനീയറിങ് പ്ളാനുകള്‍ തയാറാക്കലും ഇതിലുള്‍പ്പെടും. റെയില്‍പാത കുവൈറ്റില്‍ നിന്ന് തുടങ്ങാനാണ് തീരുമാനം. കടല്‍പാലമുണ്ടാക്കി ദമാം വഴി ബഹ്റൈനിലത്തെും. ദമാമിനെ ഖത്തറുമായും ഖത്തറിനെ ബഹ്റൈനുമായും നിര്‍ദിഷ്ട ഖത്തര്‍-ബഹ്റൈന്‍ പാലവുമായും ബന്ധിപ്പിക്കും. യു.എ.ഇയെ സൗദിയുമായി ബന്ധിപ്പിക്കുന്നത് ബത്ഹ പ്രവേശന കവാടം വഴിയാണ്. അവിടെ നിന്ന് ഒമാനിലത്തെും. സഹാര്‍ വഴിയാണ് മസ്കത്തിനെ ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2116 കിലാമീറ്ററാണ് പാതയുടെ നീളമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതില്‍ 663 കിലോമീറ്റര്‍ സൗദിയിലാണ്. ഗ്രൗണ്ട് ജോലികള്‍ക്ക് മൊത്തം 15.4 ബില്യണ്‍ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. യാത്ര ട്രെയിനുകളുടെ സ്പീഡ് മണിക്കൂറില്‍ 220 കിലോമീറ്ററും ചരക്ക് ട്രെയിനുകളുടേത് 80-120 കിലോമീറ്ററുമായി നിര്‍ണയിച്ചിട്ടുണ്ട്. വൈദ്യുതിക്ക് ഡീസലായിരിക്കും ഉപയോഗിക്കുക. റെയില്‍പാതകള്‍, സിഗ്നല്‍, വാര്‍ത്താവിനിമയ, ഓപറേഷന്‍, റിപ്പയറിങ് സംവിധാനങ്ങള്‍ ലോകാടിസ്ഥാനത്തില്‍ നൂതനവും മികച്ചതുമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.