മൊബൈല്‍ ഷോപ്പുകളിലെ സ്വദേശിവത്കരണം;  44,000 പേരുടെ പരിശീലനം ഇന്നാരംഭിക്കും

റിയാദ്: സൗദി ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ സ്വദേശിവല്‍കരണത്തിന്‍െറ ഭാഗമായി രാജ്യത്തെ മൊബൈല്‍ ഷോപ്പുകളില്‍ സ്വദേശികളെ നിയമിക്കണമെന്ന നിയമം കര്‍ശനമായി നടപ്പാക്കാന്‍ സഹായിക്കുന്ന സൗജന്യ പരിശീലനത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. മൊബൈല്‍ റിപ്പയറിങിന് അപേക്ഷ സമര്‍പ്പിച്ച 44,000 സ്വദേശി യുവതി, യുവാക്കള്‍ക്കുള്ള പരിശീലനമാണ് ആരംഭിക്കുന്നത്. 
പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് അഥവാ ‘ഹദഫ്’, വൊക്കേഷനല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നവയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നടക്കുക. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യ, മദീന, അസീര്‍, അല്‍ഖസീര്‍, ജീസാന്‍ എന്നീ മേഖലകളില്‍ ഇന്ന് പരിശീലനം ആരംഭിക്കും. ഇതര മേഖലയില്‍ അടുത്ത ദിവസങ്ങളിലാണ് പരിശീലനത്തിന് തുടക്കം കുറിക്കുക. രാവിലെയും വൈകുന്നേരവുമായി വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടികളില്‍ അപേക്ഷകരുടെ സൗകര്യത്തിനനുസരിച്ച് പങ്കെടുക്കാവുന്നതാണ്. ഒരേ സമയം 22 പേര്‍ അടങ്ങുന്ന ബാച്ചിനാണ് പരിശീലനം നല്‍കുക. സ്വദേശിയായിരിക്കുക, സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനല്ലാതിരിക്കുക, 18 വയസ്സിന് മുകളില്‍ പ്രായം ഉണ്ടായിരിക്കുക തുടങ്ങിയവയാണ് നിബന്ധനകള്‍. 
20,000 പേര്‍ക്ക് ഉടന്‍ തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ക്കും സമീപഭാവിയില്‍ അവസരം ലഭിക്കും. കൂടാതെ സ്വതന്ത്ര ബിസിനസ് ആരംഭിക്കാന്‍ അര്‍ഹത നേടാവും പരിശീലനത്തിലൂടെ യുവാക്കള്‍ക്ക് സാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.