ഓണ്‍ലൈന്‍ മള്‍ട്ടിപ്പിള്‍  റീ എന്‍ട്രി വിസ ഉടന്‍

ജിദ്ദ: പാസ്പോര്‍ട്ട് വകുപ്പിന്‍െറ അബ്ശിര്‍ ഓണ്‍ലൈന്‍ സര്‍വീസ് മുഖേന സ്പോണ്‍സര്‍ഷിപ്പ് മാറ്റം, ഒന്നിലധികം യാത്രക്കുള്ള വിസകള്‍ എന്നീ രണ്ട് സേവനങ്ങള്‍ കൂടി ഉടനെ ആരംഭിക്കാന്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് തീരുമാനിച്ചു. പുതിയ ഇഖാമ, ഇഖാമ പുതുക്കുക, റീഎന്‍ട്രി വിസ, അവധി നീട്ടുക, യാത്രാ അനുമതി പത്രം, വിവരങ്ങള്‍ മാറ്റുക തുടങ്ങിയ സേവനങ്ങള്‍ അബ്ശിര്‍ വഴി ഇപ്പോള്‍ നല്‍കിവരുന്നുണ്ട്. അബ്ശിര്‍ വെബ്സൈറ്റ് വഴി സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനാണ് പാസ്പോര്‍ട്ട് വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പാസ്പോര്‍ട്ട് സാങ്കേതിക കാര്യ സഹമേധാവി കേണല്‍ ഖാലിദ് സൈഖാന്‍ പറഞ്ഞു. പാസ്പോര്‍ട്ട് വകുപ്പിന്‍െറ മുഴുവന്‍ സേവനങ്ങളും വെബ്സൈറ്റിലൂടെ ലഭിക്കുന്നതോടെ പാസ്പോര്‍ട്ട് ഓഫിസില്‍ വരാതെ ആളുകള്‍ക്ക് സേവനം ഉപയോഗപ്പെടുത്താനാകും. പ്രത്യേകിച്ച് വികലാംഗര്‍ക്ക് ഈ സേവനം വലിയ ആശ്വാസമാണ്. 60000 ഇഖാമ, 807000 റീഎന്‍ട്രി വിസ, 7087200 ഇഖാമ പുതുക്കല്‍, 1000362 അവധി നീട്ടല്‍ തുടങ്ങിയ സേവനങ്ങള്‍ അബ്ശിര്‍ വഴി ഇതിനകം നല്‍കിയിട്ടുണ്ട്. ഒന്നാംഘട്ടമെന്ന നിലയില്‍ വിദേശികളുടെ തിരിച്ചറിയല്‍ കാര്‍ഡ് (ഹവിയത്ത് മുഖീം) താമസ കേന്ദ്രങ്ങളിലത്തെിക്കുന്നതിന് സൗദി പോസ്റ്റലിന്‍െറ വാസില്‍ സേവന പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ സ്വദേശികളുടെ പാസ്പോര്‍ട്ടുകളും വീടുകളിലത്തെിക്കാന്‍ സംവിധാനമുണ്ടാക്കും. സേവനം ആവശ്യപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് താമസസ്ഥലത്തത്തെുന്നതാണ് പുതിയ സംവിധാനം. ഇതോടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ തേടി  ഓഫിസില്‍ വരുന്നത് പൂര്‍ണമായും ഇല്ലാതാകും. എന്നാല്‍ അബ്ശിര്‍ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത പ്രായം കൂടിയവര്‍, വികലാംഗര്‍ പോലുള്ളവരെ പാസ്പോര്‍ട്ട് ഓഫിസിലത്തെി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെന്നും പാസ്പോര്‍ട്ട് സാങ്കേതിക കാര്യ സഹ മേധാവി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.