ശ്വാസനാളത്തിൽ കുടുങ്ങിയ അഞ്ച് സെ.മീ നീളമുള്ള ആണി പുറത്തെടുത്തു; എട്ടുമാസം പ്രായമുള്ള കുഞ്ഞിന് റിയാദിൽ പുതുജീവൻ

റിയാദ്: ശ്വാസനാളത്തിൽ ആണി കുടുങ്ങി അതീവ ഗുരുതരാവസ്ഥയിലായ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. റിയാദിലെ കിങ്​ സഊദ് മെഡിക്കൽ സിറ്റിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് ഈ വിജയകരമായ ദൗത്യത്തിന് പിന്നിൽ.

അപ്രതീക്ഷിതമായി കുഞ്ഞ് ആണി വിഴുങ്ങുകയും അത് ശ്വാസനാളത്തിൽ തടയുകയുമായിരുന്നു. അഞ്ച് സെൻറീമീറ്റർ നീളമുള്ള ആണി പ്രധാന ശ്വാസകോശ കുഴലിലേക്ക് കടന്നതോടെ കുഞ്ഞി​െൻറ നില അതീവ ഗുരുതരമായി. തുടർന്ന് ഒട്ടും വൈകാതെ തന്നെ കുഞ്ഞിനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റുകയും ‘റിജിഡ് ബ്രോങ്കോസ്കോപ്പി’ എന്ന അത്യാധുനിക എൻഡോസ്കോപ്പി സംവിധാനം ഉപയോഗിച്ച് ആണി പുറത്തെടുക്കുകയുമായിരുന്നു.

കുഞ്ഞിന് കഠിനമായ ശ്വാസതടസ്സം നേരിട്ടിരുന്നതായും വലിയൊരു വസ്തു ശ്വാസനാളത്തിൽ കുടുങ്ങിയതിനാൽ വലിയ അപകടസാധ്യത നിലനിന്നിരുന്നതായും തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ അംസി പറഞ്ഞു.

‘കൈക്കുഞ്ഞുങ്ങളിൽ ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ അതീവ ജാഗ്രതയും വൈദഗ്ധ്യവും ആവശ്യമാണ്. മെഡിക്കൽ സിറ്റിയിലെ അത്യാധുനിക ഉപകരണങ്ങളും പീഡിയാട്രിക് വിഭാഗത്തി​െൻറ പ്രഫഷനലിസവുമാണ് ഈ നേട്ടത്തിന് സഹായകമായത്.’ -അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികൾക്കായുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നതിൽ കിങ്​ സഊദ് മെഡിക്കൽ സിറ്റിയുടെ കരുത്ത് വ്യക്തമാക്കുന്നതാണ് ഈ സംഭവം. സൗദി ഭരണകൂടത്തി​െൻറ നിരന്തരമായ പിന്തുണയോടെ ജീവൻരക്ഷാ സേവനങ്ങളിൽ വലിയ പുരോഗതിയാണ് സിറ്റി കൈവരിച്ചുകൊണ്ടിരിക്കുന്നത്. വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം കുഞ്ഞി​െൻറ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Five-centimeter-long nail stuck in trachea removed; eight-month-old baby given new life in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.