ദമ്മാം തുറമുഖം വഴി കടത്താന്‍ ശ്രമിച്ച വന്‍ ഡീസല്‍ ശേഖരം പിടികൂടി

റിയാദ്: ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖം വഴി പുറം രാജ്യങ്ങളിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ഡീസല്‍ ശേഖരം പെട്രോളിയം മന്ത്രാലയത്തിന്‍െറ പരിശോധനയില്‍ പിടികൂടി. 450 കണ്ടെയ്നറുകളിലായി സൂക്ഷിച്ച 90 ലക്ഷം ലിറ്റര്‍ ഡീസലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും പൊലീസിന്‍െറയും സഹായത്തോടെ അധികൃതര്‍ കണ്ടെടുത്തത്. രാജ്യത്തു നടക്കുന്ന വലിയ ഡീസല്‍ വേട്ടകളിലൊന്നാണിത്. കിഴക്കന്‍ പ്രവിശയില്‍ നിന്നും റിയാദില്‍ നിന്നുമാണ് ടാങ്കുകളിലാക്കി സീല്‍ ചെയ്ത നിലയില്‍ ഡീസല്‍ തുറമുഖത്ത് എത്തിച്ചത്. പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള രാസപദാര്‍ഥങ്ങള്‍ എന്ന നിലയിലാണ് ഇവ കൊണ്ടുവന്നത്. എക്സറേ മെഷീനുപയോഗിച്ചുള്ള പരിശോധനയില്‍ പിടികിട്ടാത്ത രീതിയില്‍ മറ്റു രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് വളരെ വിദഗ്ധമായാണ് ഡീസല്‍ നിറച്ചിരുന്നത്. എന്നാല്‍ പെട്രോളിയം മന്ത്രാലയത്തിന്‍െറയും കസ്റ്റംസ് അധികൃതരുടെയും തന്ത്രപരമായ ഇടപെടലിലൂടെ കള്ളക്കടത്ത് പദ്ധതി പൊളിയുകയായിരുന്നു. അരാംകോ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇത് ഡീസലാണെന്ന് തെളിയുകയും ചെയ്തു. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഡീസലിനുള്ള വില വ്യത്യാസം മുതലാക്കി വന്‍ ലാഭം കൊയ്യാനുള്ള നീക്കമാണ് അധികൃതര്‍ തകര്‍ത്തത്. സൗദി അരാംകോ, കസ്റ്റംസ്, പെട്രോളിയം എന്നീ വകുപ്പുകളുടെ സംയുക്ത സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഡീസല്‍ കടത്ത് നേരത്തേയും പിടികൂടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ ശേഖരം കണ്ടെടുക്കുന്നത് ഇതാദ്യമാണെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.