സൗദി അതിര്‍ത്തിക്ക് സമീപം ഇറാഖി  സൈനിക പോസ്റ്റില്‍ ആക്രമണം; ആറുമരണം

ജിദ്ദ: സൗദി അറേബ്യന്‍ അതിര്‍ത്തിക്ക് സമീപത്തെ ഇറാഖി സൈനിക പോസ്റ്റിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറുപട്ടാളക്കാര്‍ മരിച്ചു. മരിച്ചവരില്‍ ഇറാഖി സൈന്യത്തിലെ മുതിര്‍ന്ന കമാന്‍ഡറും ഉള്‍പ്പെടും. സൗദിയുടെ വടക്കന്‍ പ്രവിശ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ ഹഫര്‍ സവിയ ബോര്‍ഡര്‍ പോസ്റ്റില്‍ വെള്ളിയാഴ്ച വൈകിയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് സൈനിക പോസ്റ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ 14 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്‍െറ ഉത്തരവാദിത്തം ദാഇശ് ഏറ്റെടുത്തു. സിറിയ, ജോര്‍ഡന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വിശാലമായ പ്രവിശ്യയാണ് അന്‍ബാര്‍. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന്‍െറ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പ്രവേശനകവാടവുമാണ്. റമാദി തലസ്ഥാനമായ പ്രവിശ്യയുടെ വലിയൊരുഭാഗം ഇപ്പോള്‍ ഭീകര സംഘടനയായ ദാഇശിന്‍െറ നിയന്ത്രണത്തിലാണ്. ഇറാഖ് അതിര്‍ത്തി പ്രദേശത്ത് കനത്ത സുരക്ഷ സന്നാഹങ്ങള്‍ സൗദി ഒരുക്കിയിട്ടുണ്ട്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ആധുനിക സംവിധാനങ്ങളോടുകൂടിയ അതിര്‍ത്തിവേലിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അതിര്‍ത്തിക്ക് സമീപത്തേക്കുള്ള സഞ്ചാരവും നിയന്ത്രിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.