അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ലോകത്തെ 100 പ്രമുഖരില്‍ 

റിയാദ്: ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച ആദ്യ 100 പ്രമുഖരുടെ കൂട്ടത്തില്‍ സൗദി ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് ഇടം നേടി. 
അമേരിക്കയുടെ ലോകപ്രശസ്ത രാഷ്ട്രീയ ആനുകാലികമായ ‘ഫോറിന്‍ പോളിസി’യാണ് അമീര്‍ മുഹമ്മദിനെ ലോകനേതൃനിരയുടെ മുന്‍നിരയിലേക്ക് തെരഞ്ഞെടുത്തത്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, സ്വീഡിഷ് വിദേശകാര്യമന്ത്രി മാര്‍ഗരറ്റ് വാള്‍സ്ട്രോം, മൗറീഷ്യസ് പ്രസിഡന്‍റ് അമീന ഗുറൈബ് എന്നിവരുടെ കൂട്ടത്തിലാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെയും മാഗസിന്‍ പരിഗണിച്ചത്. ഗള്‍ഫ്, അറബ് മേഖലയില്‍ പ്രധാന പങ്കാണ് ലോക യുവനേതൃനിരയില്‍ ശ്രദ്ധേയനായ അമീര്‍ മുഹമ്മദ് വഹിച്ചുവരുന്നതെന്ന് പത്രം വിലയിരുത്തി. സൗദിയിലെയും മേഖലയിലെയും പല അസ്വസ്ഥതകളും അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന്‍െറ നയനിലപാടുകള്‍ക്ക് കഴിഞ്ഞു. രാജ്യവും പശ്ചിമേഷ്യയും നേരിടുന്ന ഏതു ഭീഷണിയെയും ചോര നല്‍കിയും സംരക്ഷിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് അമീര്‍ തെളിയിച്ചു. രാജ്യത്തെ യുവതലമുറയുടെ ആശയും ആവേശവുമാണ് അദ്ദേഹം. സൗദിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫലപ്രദമായ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്ന് ‘ഫോറിന്‍ അഫയേഴ്സ്’ അഭിപ്രായപ്പെട്ടു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.