റിയാദില്‍ ശക്തമായ പൊടിക്കാറ്റ്: ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ മുടങ്ങി

റിയാദ്: കടുത്ത ചൂടിന്‍െറ സൂചനയുമായി സൗദി തലസ്ഥാന നഗരിയില്‍ ശനിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശി. കാറ്റിനെ തുടര്‍ന്ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സര്‍വീസുകളും സിവില്‍ എവിയേഷന്‍ അതോറിറ്റി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഉച്ചക്ക് ശേഷം അനുഭവപ്പെട്ട പൊടിക്കാറ്റിനത്തെുടര്‍ന്ന് ചക്രവാളദൃശ്യം പ്രയാസകരമായതിനാലാണ് ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടിലോടുന്ന വിമാനങ്ങള്‍ നിര്‍ത്തിവെച്ചതെന്ന് ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താക്കുറിപ്പിറക്കി. റിയാദിലേക്ക് വന്ന പല അന്താരാഷ്ട്ര വിമാനങ്ങളും തിരിച്ചു വിടുകയായിരുന്നു. കൊളംബോ, റഫാ, കെയ്റോ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ദമ്മാമിലേക്ക് തിരിച്ചുവിട്ടു. ആഭ്യന്തര റൂട്ടിലുള്ള വിമാന സര്‍വീസ് മാറ്റിവെച്ചു. 
45 ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെട്ട റിയാദില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം പെട്ടെന്നുണ്ടായ പൊടിക്കാറ്റ് സാധാരണ ജീവിതത്തെ ബാധിച്ചു. വാരാന്ത അവധി കഴിഞ്ഞ് ഞായറാഴ്ചത്തെ പ്രവൃത്തിദിനം കണക്കാക്കി തലസ്ഥാനത്തേക്ക് തിരിച്ച പലരുടെയും യാത്ര പ്രയാസപ്പെട്ടു. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ കരമാര്‍ഗം യാത്ര ചെയ്തവരും ഹൈവേകളില്‍ കുരുങ്ങിക്കിടന്നു. റിയാദിന്‍െറ വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് പൊടിക്കാറ്റ് ഏറ്റവും കൂടുതല്‍ ശക്തമായി അനുഭവപ്പെട്ടത്. ഇടക്കുണ്ടായ ചാറല്‍ മഴ പൊടിക്ക് നേരിയ ആശ്വാസം നല്‍കിയിട്ടുണ്ട്. അതേസമയം റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ഉള്‍പ്പെടെ സൗദിയുടെ പല ഭാഗത്തും വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗം അറിയിച്ചു. ഇടിയും മിന്നലോടു കൂടിയ നേരിയ മഴ ലഭിക്കാനിടയുണ്ട്. തെക്കന്‍ സൗദിയിലെ അസീര്‍, ജീസാന്‍ മേഖലകളില്‍ താരതമ്യേന നല്ല മഴ ലഭിച്ചേക്കും. ജീസാനിലെ കുന്നിന്‍പുറങ്ങളില്‍ ശനിയാഴ്ച രാവിലെ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് ദിയാര്‍ ബനീമാലികിലെ വാദികള്‍ നിറഞ്ഞൊഴുകി. പൊടിക്കാറ്റും മഴയും കരുതിയിരിക്കണമെന്ന് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ബാഹ, നജ്റാന്‍, മക്ക, മദീന മേഖലകളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനത്തില്‍ പറയുന്നു. മഴയും പൊടിക്കാറ്റും ലഭിച്ചാലും കിഴക്കന്‍ പ്രവിശ്യയിലും റിയാദ് മേഖലയിലും കടുത്ത ചൂട് അടുത്ത ദിവസങ്ങളിലും തുടരും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.