അൽ ഖോബാർ: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ വ്യാപക പരിശോധനയിൽ ഒരാഴ്ചക്കിടെ 18,200 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
താമസ നിയമലംഘനത്തിന് 11,442 പേർ, അതിർത്തി സുരക്ഷാ നിയമലംഘനത്തിന് 3931 പേർ, തൊഴിൽ നിയമലംഘനത്തിന് 2,827 പേർ എന്നിങ്ങനെയാണ് പിടിയലായ വിദേശികളുടെ പട്ടിക. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1762 പേരെ പിടികൂടി. ഇതിൽ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി അതിർത്തി കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച 46 പേരെയും പിടികൂടിയിട്ടുണ്ട്.
നിയമലംഘകർക്ക് താമസം, ഗതാഗതം, തൊഴിൽ എന്നിവ നൽകുകയും അവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്ത 11 പേരെ മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ 25,477 പേർ (23,443 പുരുഷന്മാരും 2034 സ്ത്രീകളും) തുടർനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്.
ഇതിൽ 18,685 പേരെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളിലെ എംബസികളിലേക്ക് റഫർ ചെയ്തു. 14,451 പേരെ ഇതിനോടകം നാടുകടത്തി. അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കാം. കൂടാതെ, ഇവർ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും പ്രതികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും.
നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.