റിയാദ്: സൗദി തലസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ ‘റിയാദ് മെട്രോ’ പുതിയൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽതന്നെ ആകെ യാത്രക്കാരുടെ എണ്ണം 20 കോടി പിന്നിട്ടതായി റിയാദ് സിറ്റി റോയൽ കമീഷൻ പ്രഖ്യാപിച്ചു. 10 കോടി എന്ന നാഴികക്കല്ല് പിന്നിട്ട് വളരെ വേഗത്തിലാണ് മെട്രോ ഈ പുതിയ ഉയരത്തിലെത്തിയത് എന്നത് നഗരത്തിലെ ജനങ്ങൾക്കിടയിൽ പൊതുഗതാഗതത്തോടുള്ള വർധിച്ചുവരുന്ന താൽപര്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഈ സവിശേഷ നേട്ടത്തിന്റെ ഭാഗമായി, 20 കോടി തികഞ്ഞ ഭാഗ്യയാത്രക്കാരിയായ യെലനേറാ അൽഗാംദിയെ അധികൃതർ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. മെട്രോയുടെ ആറ് പാതകളിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് ഒലയ്യ റോഡ് വഴിയുള്ള ബ്ലൂ ലൈനിലാണ്. ആകെ യാത്രക്കാരിൽ 45 ശതമാനത്തോളം പേരും ഈ പാതയെയാണ് ആശ്രയിക്കുന്നത്.
കിങ് അബ്ദുല്ല റോഡിലൂടെയുള്ള റെഡ് ലൈനിൽ 16 ശതമാനം പേരും മദീന റോഡ് വഴിയുള്ള ഓറഞ്ച് ലൈനിൽ 14 ശതമാനം പേരും യാത്ര ചെയ്യുന്നു. മറ്റ് പാതകളിലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്.
പദ്ധതിയുടെ തുടക്കം മുതൽ ഇതുവരെയായി ട്രെയ്നുകൾ ഏകദേശം 3.22 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ചുകഴിഞ്ഞു. ആകെ സർവിസുകളുടെ എണ്ണം 11.3 ലക്ഷം കടന്നു. സേവനത്തിന്റെ വിശ്വാസ്യതയും ഗുണനിലവാരവും 99.81 ശതമാനം എന്ന റെക്കോർഡ് നിലവാരത്തിലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഖസർ അൽ ഹുക്കം, എസ്.ടി.സി, കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ, നാഷനൽ മ്യൂസിയം എന്നീ സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്നത്.
മെട്രോ ട്രെയിനുകളും ബസ് സർവിസുകളും പരസ്പരം കോർത്തിണക്കിയുള്ള മികച്ച യാത്രാസൗകര്യമാണ് റിയാദിൽ ഒരുക്കിയിരിക്കുന്നത്. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച്, റിയാദിനെ ലോകത്തെ മികച്ച നഗരങ്ങളിൽ ഒന്നാക്കി മാറ്റുന്നതിനും ഗതാഗതക്കുരുക്ക് കുറച്ച് ജനജീവിതം സുഗമമാക്കുന്നതിനും മെട്രോ പദ്ധതി വലിയ പങ്കാണ് വഹിക്കുന്നത്.
2024 നവംബർ 27ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച റിയാദ് മെട്രോയിൽ യാത്ര ഗതാഗതം ആരംഭിച്ചത് ഡിസംബർ ഒന്ന് മുതലാണ്. ബ്ലൂ, യെല്ലോ, പർപ്പ്ൾ എന്നീ മൂന്ന് ലൈനുകളിലാണ് അന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ഡിസംബർ 15ഓടെ റെഡ്, ഗ്രീൻ ലൈനുകളിലും 2025 ജനുവരി അഞ്ച് മുതൽ ഓറഞ്ച് ലൈനിലും സർവിസ് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.