യാംബു: സൗദി അറേബ്യയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിലും അന്താരാഷ്ട്ര വിമാന സർവിസുകളിലും റെക്കോഡ് വളർച്ച കൈവരിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) സ്ഥിരീകരിച്ചു. 2024 ൽ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലെ മൊത്തം യാത്രക്കാരുടെ എണ്ണം 12.8 കോടിയിലധികമായെന്ന് അധികൃതർ വെളിപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് ഈ കണക്ക് 15 ശതമാനം വർധന കാണിക്കുന്നു.
2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തിന്റെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെയും വിമാന ചരക്ക് ഗതാഗതത്തിന്റെയും കാര്യത്തിൽ ശ്രദ്ധേയമായ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അതോറിറ്റി പുറത്തിറക്കിയ ‘എയർ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് പബ്ലിക്കേഷൻ 2024’ റിപ്പോർട്ടിലാണ് സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാണിച്ചത്. അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം 6.9 കോടി കവിഞ്ഞു. ഇത് 2023നെ അപേക്ഷിച്ച് 14 ശതമാനം വർധനയാണ്.
ആഭ്യന്തര വിമാനയാത്രക്കാർ 5.9 കോടി കവിഞ്ഞു. അതേ വർഷത്തേക്കാൾ 16 ശതമാനം വർധനയാണ് ഇത് രേഖപ്പെടുത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്താണ്. ഏകദേശം 4.9 കോടി യാത്രക്കാരെ കൈകാര്യം ചെയ്തു. 14 ശതമാനം വളർച്ചയോടെ ഏകദേശം 4.9 കോടി യാത്രക്കാരെ സ്വീകരിച്ചു. തൊട്ടുപിന്നിൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം 18 ശതമാനം വർധനവോടെ 3.76 കോടി യാത്രക്കാരെ കൈകാര്യം ചെയ്തു. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്താണ്. 15 ശതമാനം വർദ്ധനയൊടെ 1.28 കോടി യാത്രക്കാർക്ക് സേവനം നൽകി. രാജ്യത്തിന്റെ വിമാനക്കമ്പനിക്ക് കീഴിലെ ആകെ വിമാനങ്ങളുടെ എണ്ണം 361 ആയി. 2023നെ അപേക്ഷിച്ച് 11 ശതമാനം വർധനയാണിത്.
വ്യോമഗതാഗത വ്യവസായം വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാണിജ്യ, പൊതു വ്യോമയാന മേഖലകളിലുടനീളമുള്ള യാത്രക്കാരുടെ ചലനം, വിമാനങ്ങൾ, ചരക്ക് പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിെൻറ വ്യോമഗതാഗത സംവിധാനത്തെക്കുറിച്ചുള്ള കൃത്യമായ ഡേറ്റയും സൂചകങ്ങളും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എല്ലാ വർഷവും പുറത്തിറക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.