ജിദ്ദയിൽ നിലവിൽ വരുന്ന 'ട്രംപ് പ്ലാസ' പദ്ധതിയുടെ മാതൃക

100 കോടി ഡോളർ മൂല്യമുള്ള ‘ട്രംപ് പ്ലാസ’ പദ്ധതി ജിദ്ദയിൽ വരുന്നു

ജിദ്ദ: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആഗോള ആഡംബര റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ദാർ ഗ്ലോബൽ, ട്രംപ് ഓർഗനൈസേഷനുമായി ചേർന്ന് ജിദ്ദയിൽ പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. ‘ട്രംപ് പ്ലാസ ജിദ്ദ’ എന്ന ഈ സംരംഭം സൗദി അറേബ്യയിൽ ട്രംപ് ബ്രാൻഡിന്റെ രണ്ടാമത്തെ സംയുക്ത സംരംഭമാണ്.

2024 ഡിസംബറിൽ ആരംഭിച്ച ‘ട്രംപ് ടവർ ജിദ്ദ’ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം. ജിദ്ദയുടെ ഹൃദയഭാഗത്തുള്ള കിങ് അബ്ദുൽ അസീസ് റോഡിലാണ് ട്രംപ് പ്ലാസ ജിദ്ദ നിർമിക്കുന്നത്. 100 കോടി ഡോളറിലധികം മൂല്യം പ്രതീക്ഷിക്കുന്ന പദ്ധതി ജിദ്ദയുടെ ആകാശരേഖ മാറ്റിയെഴുതും.

താമസക്കാർക്കും, ജോലി ചെയ്യുന്നവർക്കും, വിനോദങ്ങൾ ആസ്വദിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന തരത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. പ്രീമിയം റെസിഡൻസുകൾ, സർവിസ് അപ്പാർട്ടുമെൻറുകൾ, ഗ്രേഡ് എ ഓഫിസ് സ്ഥലങ്ങൾ, പ്രത്യേക ടൗൺഹൗസുകളും ഇതിൽ ഉൾപ്പെടുന്നു.

പദ്ധതിയുടെ കേന്ദ്രഭാഗത്ത് ന്യൂയോർക്കിലെ സെൻട്രൽ പാർക്കിന്റെ മാതൃകയിൽ ഒരു വലിയ ഹരിത ഇടം ഒരുക്കും. ഇത് ഈ പ്രോജക്ടിന് മാൻഹാട്ടൻ്റെ മനോഹാരിത നൽകും. പ്രീമിയം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവയും ട്രംപ് പ്ലാസ ജിദ്ദയിൽ ഉണ്ടാകും.

ഈ പദ്ധതി തങ്ങളുടെ മികവിന്റെ മറ്റൊരു ഉദാഹരണമാണെന്ന് ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഡൊണാൾഡ് ട്രംപിന്റെ മകനുമായ എറിക് ട്രംപ് അഭിപ്രായപ്പെട്ടു. ലോകോത്തര ആതിഥ്യവും, ആധുനിക ജീവിതവും, ബിസിനസ് അന്തരീക്ഷവും സമന്വയിപ്പിച്ച് സൗദിയിലെ ആഡംബര ജീവിതത്തിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ദാർ ഗ്ലോബലുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു പുതിയ അധ്യായം കുറിക്കുന്നതാണ് ട്രംപ് പ്ലാസ ജിദ്ദയെന്ന് ദാർ ഗ്ലോബൽ സി.ഇ.ഒ സിയാദ് അൽ ചാർ അഭിപ്രായപ്പെട്ടു. ജിദ്ദയുടെ വാണിജ്യ, സാംസ്കാരിക പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഈ പദ്ധതി നഗരത്തിന് ഒരു പുതിയ മുഖം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - $1 billion Trump Plaza project coming to Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.