ലോക സാമൂഹിക വികസന ഉച്ചകോടിക്ക് നാളെ തുടക്കം

​ദോഹ: രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടി നവംബർ നാലിന് ദോഹ വേദിയാകും. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ (ക്യു.എൻ.സി.സി) യു.എന്നിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടി നവംബർ ആറുവരെ നീണ്ടുനിൽക്കും. വിവിധ രാഷ്ട്രത്തലവന്മാരും വിവിധ വകുപ്പ് മേധാവികളും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം പതാക ഉയർത്തൽ ചടങ്ങ് നടന്നു. ​വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസ്സൻ അൽ ഹമ്മാദി, സാമ്പത്തിക സാമൂഹിക കാര്യങ്ങളുടെ യു.എൻ അണ്ടർ സെക്രട്ടറി ജനറൽ ലി ജുൻഹുവ, മുതിർന്ന ഖത്തർ ഉദ്യോഗസ്ഥർ, യു.എൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

30 വർഷത്തിന് ശേഷം നടക്കുന്ന രണ്ടാമത് സാമൂഹിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ​വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസ്സൻ അൽ ഹമ്മാദി പറഞ്ഞു. കോപ്പൻഹേഗനിലായിരുന്നു ആദ്യത്തെ സാമൂഹിക ഉച്ചകോടി നടന്നത്. എല്ലാവർക്കും സാമൂഹിക നീതിയും ക്ഷേമവും ഉറപ്പാക്കുന്നതിനും സമഗ്രവും സുസ്ഥിരവുമായ സാമൂഹിക വികസനത്തിനും വിവിധ മേഖലകളിലെ സഹകരണത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഖത്തർ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

സാമൂഹിക വികസനത്തെക്കുറിച്ചുള്ള ആഗോള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും 2030ലെ സുസ്ഥിര വികസന അജണ്ട നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനും ഉച്ചകോടി നിർണായക അവസരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ദോഹയിൽ യു.എൻ ഹൗസ് തുറന്നതിലൂടെ ഖത്തറും യു.എനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും അദ്ദേഹം പ്രശംസിച്ചു.

ചടങ്ങിനോടനുബന്ധിച്ച്, എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയുമായി ചേർന്ന് ഖത്തർ എയർ സ്പോർട്സ് കമ്മിറ്റിയുടെ സഹകരണത്തോടെ പാരച്യൂട്ട് ഉയർത്തിവിട്ടു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉയർത്തിയുള്ള ബാനറുകളാണ് പ്രദർശിപ്പിച്ചത്.

Tags:    
News Summary - World Summit on Social Development begins tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.