ദോഹ: ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണിൽ പന്തു തട്ടാനായി ലയണൽ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽനിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ സൗഹൃദ മത്സര ഷെഡ്യൂളിൽ ഖത്തറും ഉണ്ടെന്നാണ് അർജന്റീനയിലെയും തെക്കനമേരിക്കയിലെയും മാധ്യമങ്ങളിലെ വലിയ ചർച്ച. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെ, ആഫ്രിക്ക, ഏഷ്യൻ വൻകരകളിൽ സൗഹൃദ മത്സരങ്ങൾ കളിക്കാനെത്തുന്ന ലയണൽ മെസ്സിയും സംഘവും നവംബറിൽ ഖത്തറിൽ കളിക്കുമെന്നാണ് വാർത്തകൾ. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ പുറത്തുവന്നില്ലെങ്കിലും ടീമുമായി ബന്ധപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകരും വിവിധ സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
നവംബറിൽ അംഗോളയിലും ഖത്തറിലുമായി അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് ടീമുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവർത്തകൻ ഗാസ്റ്റൻ എഡുൽ ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു. അർജന്റീന മാധ്യമമായ ‘മുൻഡോആൽബിസിലെസ്റ്റെ’യും മെസ്സിപ്പടയുടെ ഖത്തറിലേക്കുള്ള വരവ് റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലായി നാല് സൗഹൃദ മത്സരങ്ങൾ ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിലായി നടക്കുമെന്നാണ് റിപ്പോർട്ട്. അംഗോളയുടെ 50ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് നവംബറിൽ ടീം അവിടെ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. നവംബറിൽതന്നെ ഖത്തറിലും കളിക്കുമെന്നും ഇതിന് സാധ്യത കൂടുതലാണെന്നും എഡുൽ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബറിൽ ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ സംബന്ധിച്ച ചർച്ച സജീവമാണെന്നും ഇദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡുലിന്റെ എക്സ് പോസ്റ്റ്
ഈ വർഷം സെപ്റ്റംബറോടെ തെക്കനമേരിക്കൻ യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ലോകകപ്പ് തയാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.
2022 ഡിസംബറിൽ ലോകകിരീടം ചൂടിയ ലുസൈൽ സ്റ്റേഡിയത്തിൽ വീണ്ടും അർജന്റീന പന്തു തട്ടാനെത്തുമെന്ന വാർത്തകളോടെയാണ് സ്പാനിഷ് മാധ്യമങ്ങൾ ആഘോഷമാക്കുന്നത്.ഈ വർഷം ഒക്ടോബറിൽ അർജന്റീന ദേശീയ ടീം കേരളത്തിൽ കളിക്കുമെന്ന സംസ്ഥാന കായിക മന്ത്രിയുടെ പ്രസ്താവനക്കും കാത്തിരിപ്പിനുമിടയിലാണ് പുതിയ വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.