അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പെഡ്രോ സാഞ്ചസ്
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ ഖത്തറിന് ഐക്യദാർഢ്യം അറിയിച്ച് സ്പെയിൻ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പിന്തുണ അറിയിച്ചത്.
വിവിധ രാജ്യങ്ങളുടെ സുരക്ഷക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന സൈനിക നടപടികളെ അദ്ദേഹം അപലപിച്ചു. സമാധാനവും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച പെഡ്രോ സാഞ്ചസ്, പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഖത്തർ വഹിക്കുന്ന നയതന്ത്ര ഇടപെടലുകളെയും അഭിനന്ദിച്ചു. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഭീഷണികളെ നേരിടുന്നതിൽ സ്പെയിനിന്റെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു. സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും മേഖലയുടെ സുരക്ഷ നിലനിർത്തുന്നതിനായി നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറുപടിയായി, ഖത്തറിൽ താമസിക്കുന്ന സ്പാനിഷ് ജനതയുടെ ക്ഷേമത്തെക്കുറിച്ച് അമീർ ഉറപ്പുനൽകി.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്നും സമാധാനം ശക്തിപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറും പാലിക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.