പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി വേൾഡ് കെ.എം.സി.സി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയപ്പോൾ
വേൾഡ് കെ.എം.സി.സി റോയൽ പ്രിവിലേജ് കാർഡ് ലോഞ്ചും രണ്ടാം വാർഷികവും ഡിസംബർ 19ന് കോഴിക്കോട്
ദോഹ: പ്രവാസി ലോകത്ത് പുതിയ ചരിത്രം കുറിക്കുന്ന വേൾഡ് കെ.എം.സി.സിയുടെ പ്രഥമ വികസന പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും രണ്ടാം വാർഷികാഘോഷവും ഡിസംബർ 19ന് കോഴിക്കോട്ട് അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ലോക കെ.എം.സി.സി സംഗമത്തിൽ പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'റോയൽ പ്രിവിലേജ് കാർഡിന്റെ ലോഞ്ചും, പ്രവാസി സമൂഹത്തിന്റെ നൈപുണ്യ വികസനത്തിൽ നാഴികക്കല്ലാവുന്ന 'പ്രവാസി ടെക്നിക്കൽ യൂണിവേഴ്സിറ്റി' സംബന്ധിച്ച പ്രഖ്യാപനവും നടക്കുമെന്ന് പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടിയും ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാനും അറിയിച്ചു.
പ്രവാസി ക്ഷേമത്തിലും ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിലും വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന വേൾഡ് കെ.എം.സി.സിയുടെ സ്വപ്ന പദ്ധതികൾക്ക് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണയാണുള്ളത്. പദ്ധതികളുടെ അനുമതിക്കായി ഭാരവാഹികൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരുമായി വിശദമായ കൂടിക്കാഴ്ച നടത്തി. പ്രവാസി സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയെ പ്രശംസിച്ച സാദിഖലി ശിഹാബ് തങ്ങൾ, ഭാരവാഹികളെ അത്താഴ വിരുന്നൊരുക്കിയാണ് സ്വീകരിച്ചത്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടനയുടെ അവൈലബിൾ ഭാരവാഹികളുടെ യോഗം മലപ്പുറം ലീഗ് ഹൗസിൽ പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. ഡോ. പുത്തൂർ റഹ്മാൻ സ്വാഗതവും ഷബീർ കാലടി നന്ദിയും പറഞ്ഞു. ചർച്ചയിൽ നേതാക്കളായ എസ്.എ.എം. ബഷീർ, ഖാദർ ചെങ്കള, സി.വി.എം. വാണിമേൽ എന്നിവർ പങ്കെടുത്തു.
ആഗോളതലത്തിലെ പ്രാതിനിധ്യം ഉറപ്പുവരുത്തി നടന്ന ചർച്ചകളിൽ പ്രവർത്തക സമിതി അംഗങ്ങളായ യു.എ.ഇ കെ.എം.സി.സി നേതാവ് അൻവർ നഹ, യു.കെ കെ.എം.സി.സി നേതാക്കളായ സഫീർ പേരാമ്പ്ര, മുദസ്സിർ കോലക്കോടൻ, കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി എന്നിവരും സന്നിഹിതരായിരുന്നു. കോഴിക്കോട്ട് നടക്കുന്ന വാർഷിക പരിപാടി പ്രവാസി മലയാളികളുടെ വലിയൊരു സംഗമവേദിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് വേൾഡ് കെ.എം.സി.സി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.