ദോഹ: വികസന നേട്ടങ്ങളിൽ ഇന്ത്യക്ക് മാതൃകയായി കേരളം വളരുകയാണ്. വികസനം, ആരോഗ്യസംരക്ഷണം, കാർഷിക സമൃദ്ധി തുടങ്ങി എല്ലാ രംഗങ്ങളിലും രാജ്യത്തിനു തന്നെ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിക്കുന്നത്.
പ്രളയവും കോവിഡും കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഗൗരവമായാണ് ബാധിച്ചത്. എന്നാൽ, പകച്ചുനിൽക്കാതെ സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടിലൂന്നി കേരളം അതിവേഗം മുന്നേറുന്നതാണ് നാം കണ്ടത്. സർക്കാറിനെ നയിക്കുന്ന പിണറായി വിജയൻ എന്ന വികസന നായകന്റെ ഇച്ഛാശക്തിയും നേതൃപാടവവുമാണ് കേരളത്തെ തളർന്നുപോകാതെ നിലനിർത്തിയത്.
അതേസമയം, ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വലിയ പരിഗണന നൽകിയിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമത്തിനും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും വേണ്ടി രൂപവത്കൃതമായ നോർക്കയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുകയും ചെയ്തു. അതേസമയം, കാലങ്ങളായി പ്രവാസികൾ ഉന്നയിക്കുന്ന നിരവധി പ്രശനങ്ങൾ ഇനിയും പരിഹരിക്കപ്പെടേണ്ടതുമുണ്ട്.
മലയാള ഭാഷയെ നെഞ്ചിലേറ്റിയും കേരള സംസ്കാരത്തെ കാത്തുസൂക്ഷിച്ചും പ്രവാസലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്തവരാണ് ഖത്തറിലെ മലയാളികൾ. സ്വന്തം ഭാഷയുടെ തനിമ മായാതെ സൂക്ഷിക്കുന്ന പ്രവാസി സമൂഹം, ലോകത്തിനു മുന്നിൽ കേരളത്തിന്റെ സാംസ്കാരികത്തനിമ തെളിയിച്ചുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്.
മലയാളം മിഷൻ പോലുള്ള പ്രസ്ഥാനങ്ങൾ മലയാളഭാഷയെ പുതിയ തലമുറയിലേക്ക് എത്തിക്കാൻ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. മുഖ്യമന്ത്രിയുടെ സന്ദർശനം ഖത്തറിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്താകും. 12 വർഷങ്ങൾക്കുശേഷമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഖത്തറിലെത്തുന്നത്. അതുകൊണ്ടുതന്നെ കേരളവും ഖത്തറും തമ്മിലുള്ള സൗഹൃദത്താളുകളിൽ പുതിയ അധ്യായമായി മുഖ്യമന്ത്രിയുടെ സന്ദർശനം രേഖപ്പെടുത്തും.
ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മലയാളോത്സവം 2025’ വൈകീട്ട് ആറു മണി മുതൽ അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുക. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഫിഷറീസ്, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഡോ. എം.എ. യൂസഫലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവരും പങ്കെടുക്കും.
ഖത്തറിലെ പ്രവാസി മലയാളികൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാകും പരിപാടി. ഖത്തറിലെ മലയാളി സമൂഹവുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കും. മലയാളോത്സവത്തിന് മാറ്റു കൂട്ടാൻ വിവിധ കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, ചെണ്ടമേളം എന്നിവ അരങ്ങേറും. ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ വിശാലമായ ഗ്രൗണ്ടിൽ കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന പവിലിയനുകളും ഒരുക്കിയിട്ടുണ്ട്.
വിവിധ മലയാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. അൽ ഖോർ, മിസഈദ്, ഇൻഡസ്ട്രിയൽ ഏരിയ, വക്റ, ഉമ്മു സലാൽ തുടങ്ങി ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ സംഘാടകർ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിപാടിക്കെത്തുന്നവർ പരമാവധി പബ്ലിക് ട്രാൻസ്പോർട്ടേഷനുകൾ ഉപയോഗിക്കണമെന്ന് സംഘാടകർ അറിയിച്ചു.
സന്ദർശനം തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് -യു.ഡി.എഫ് ഖത്തർ
ദോഹ: കഴിഞ്ഞ 10 വർഷവും പ്രവാസി വിഷയങ്ങളോട് മുഖം തിരിച്ചുനിന്ന സർക്കാറിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി ഖത്തറിലെത്തുന്നത് തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണെന്ന് യു.ഡി.എഫ് ഖത്തർ കോഴിക്കോട് ജില്ല നേതാക്കളായ ടി.ടി. കുഞ്ഞമ്മദും വിപിൻ മേപ്പയ്യൂരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പ്രവാസി ഇൻഷുറൻസ് പദ്ധതിപോലും പ്രാവാസികളെ ചൂഷണം ചെയ്യുന്നതാണ്.
മറ്റ് ആരോഗ്യ ഇൻഷുറൻസുകളെ അപേക്ഷിച്ച് പ്രീമിയം കൂടുതൽ അടക്കേണ്ടിവരുന്ന പ്രവാസിക്ക് കുറഞ്ഞ ആനുകൂല്യങ്ങൾ നൽകുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സ്വന്തം ഘടക കക്ഷികളെ പോലും വിശ്വാസത്തിലെടുക്കാതെയും മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയും പി.എം ശ്രീയിൽ ഒപ്പുവെച്ചത് പിണറായി - ആർ.എസ്.എസ് അവിശുദ്ധ സഖ്യത്തിന്റെ ഉദാഹരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.