പാരിസിൽ ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പങ്കെടുക്കുന്ന ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി
ദോഹ: ഗസ്സ വെടിനിർത്തൽ കരാർ പൂർണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇത് മേഖലയിൽ സുസ്ഥിരമായ സമാധാനത്തിനും സ്ഥിരതക്കും വഴിയൊരുക്കുമെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. 1967ലെ അതിർത്തികളിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉറപ്പാക്കുന്ന, അന്താരാഷ്ട്ര പ്രമേയങ്ങളുടെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും അടിസ്ഥാനത്തിൽ, ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിൽ ഖത്തറിന്റെ ഉറച്ച നിലപാട് അദ്ദേഹം ആവർത്തിച്ചു.
വെടിനിർത്തൽ കരാർ ആദ്യഘട്ടം നടപ്പാക്കുന്നതിനുള്ള ധാരണയായ പശ്ചാത്തലത്തിൽ, ഗസ്സ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് പാരിസിൽ ചേർന്ന വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനായുള്ള യു.എസ് പദ്ധതിയെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ചർച്ച ചെയ്ത യോഗത്തിൽ, അറബ്, ഇസ്ലാമിക, യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, പ്രതിനിധികൾ, യൂറോപ്യൻ യൂനിയൻ വിദേശകാര്യ, സുരക്ഷാ നയങ്ങൾക്കായുള്ള ഹൈ റെപ്രസന്റേറ്റിവ്, യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റും യോഗത്തിൽ പങ്കെടുത്തു.
ഗസ്സയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ടുള്ള യോഗം മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഊർജം പകരും. ഗസ്സ വിഷയത്തിൽ അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചയായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള അടുത്ത നടപടികൾ ആസൂത്രണം ചെയ്യുക, ഗസ്സയിൽ സ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനും രാഷ്ട്രീയ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ആഗോളതലത്തിലുള്ള ഏകോപനം തുടങ്ങിയവയും ലക്ഷ്യംവെച്ചാണ് യോഗം ചേർന്നത്.
മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിച്ച് ജർമൻ ചാൻസലർ
ദോഹ: ഗസ്സയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കുന്നതിനായി നിർണായക പങ്കുവഹിച്ച ഖത്തറിന് നന്ദി രേഖപ്പെടുത്തി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്. രണ്ടുവർഷത്തിലേറെ നീണ്ട സംഘർഷം അവസാനിപ്പിക്കുന്നതിൽ സുപ്രധാന മുന്നേറ്റമാണിത്. ഒടുവിൽ കാത്തിരുന്ന വെടിനിർത്തൽ കരാർ നിലവിൽവന്നു, സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ യു.എസ് പ്രസിഡന്റ് ടോണൾഡ് ട്രംപിന് നന്ദി പറയുന്നു. കൂടാതെ, പങ്കാളികളായ ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങൾക്കും നന്ദി അറിയിക്കുന്നു -ഫ്രെഡറിക് മെർസ് പറഞ്ഞു.
ഗസ്സയിൽ അടിയന്തരമായി മാനുഷിക സഹായം എത്തിക്കുന്നതിനൊപ്പം, വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതിലും സ്ഥിരതയുള്ളതായി തുടരുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. 29 മില്യൺ യൂറോയുടെ അടിയന്തര മാനുഷിക സഹായവും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, ഗസ്സയുടെ പുനർനിർമാണത്തിനായി ഈജിപ്തുമായി ചേർന്ന് അന്താരാഷ്ട്ര സമ്മേളനത്തിന് ജർമനി ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന പദ്ധതിക്കായി മധ്യസ്ഥ ശ്രമങ്ങൾ നടത്തിയ ഖത്തർ അടക്കമുള്ള രാജ്യങ്ങളെ യു.എസ് പ്രസിഡന്റ് ടോണൾഡ് ട്രംപ് കഴിഞ്ഞദിവസം അഭിനന്ദിച്ചിരുന്നു. ഇത് അറബ്, മുസ്ലിം ലോകത്തിനും ഇസ്രായേലിനും അയൽ രാജ്യങ്ങൾക്കും അമേരിക്കക്കും പ്രധാന ദിവസമാണ്. ചരിത്രപരമായ തീരുമാനം സാധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കിയ മധ്യസ്ഥർക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.