ദോഹ: മേഖലയിലെ സംഘർഷം അനിശ്ചിതമായി തുടരുന്നതിനിടെ ഏഴാം ദിവസവും ഖത്തറിനുനേരെ ഇറാൻ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ നാലോടെ അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് വീണ്ടും ഡ്രോൺ ആക്രമണ ശ്രമം ഉണ്ടായത്. ആക്രമണത്തെ വിജയകരമായി തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം വിശദമാക്കി.
വെള്ളിയാഴ്ച പുലർച്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറയും റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ബഹ്റൈനിൽ വിവിധയിടങ്ങളിൽ ഖത്തർ അമീരി നാവികസേനാ ഉദ്യോഗസ്ഥർ താമസിച്ചിരുന്ന കെട്ടിടങ്ങൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ ശക്തമായി അപലപിച്ചു.
ജി.സി.സി യൂണിഫൈഡ് മിലിട്ടറി കമാൻഡിന് കീഴിലുള്ള യൂണിഫൈഡ് മാരിടൈം ഓപറേഷൻസ് സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഖത്തർ അമീരി നാവികസേനാ അംഗങ്ങളെയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത്. ഇത് ബഹ്റൈന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഭീഷണിയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബഹ്റൈന് പൂർണ്ണ ഐക്യദാർഢ്യം അറിയിച്ച ഖത്തർ, ജോയന്റ് ഗൾഫ് കോഓപറേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന സേനകൾ താമസിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് ജി.സി.സി രാജ്യങ്ങളുടെ സുരക്ഷക്കുനേരെയുള്ള നീക്കമാണെന്നും വിശദീകരിച്ചു. സംഭവത്തിൽ ഖത്തർ അമീരി നാവികസേനാംഗങ്ങൾ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
ബഹ്റൈനിലെ ഖത്തർ എംബസി അവിടുത്തെ അധികൃതരുമായി ഏകോപിപ്പിച്ച് സാഹചര്യം വിലയിരുത്താനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബഹ്റൈൻ അധികൃതർ നൽകിയ സഹകരണത്തിനും ഖത്തർ വിദേശകാര്യ മന്ത്രാലയം നന്ദിയും രേഖപ്പെടുത്തി. സംഘർഷങ്ങൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറും പാലിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.
ആക്രമണ ദൃശ്യങ്ങൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു: 194 പേർ പിടിയിൽ
ദോഹ: ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും ഖത്തറിൽ നിരവധിപേർ പിടിയിൽ. വിവിധ രാജ്യക്കാരായ 194 പേരെ ആണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇകണോമിക് -സൈബർ ക്രൈംസ് പ്രതിരോധ വകുപ്പ് പിടികൂടിയത്. പിടികൂടിയവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചു.
നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതിനും പങ്കുവെക്കുന്നതിനും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനുമെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ യാതൊരുവിധ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കരുത്. നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.