ദോഹ: ഖത്തറിൽ വ്യാഴാഴ്ച ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ ചൂട് കൂടുതലായിരിക്കും.
ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം തീരപ്രദേശങ്ങളിൽ പകൽ സമയം ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 12 മുതൽ 22 നോട്ട്സ് വരെ വേഗതയിൽ വീശുന്ന കാറ്റ്, പകൽ സമയങ്ങളിൽ ചിലയിടങ്ങളിൽ 33 നോട്ട്സ് വരെ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതേ ദിശയിൽ കടലിലും കാറ്റ് വീശുമെന്നും, ചില സമയങ്ങളിൽ ഇത് 30 നോട്ട്സ് വരെ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കടൽ പ്രക്ഷുബ്ധമായിരിക്കും. തീരപ്രദേശങ്ങളിൽ തിരമാലകൾ രണ്ടു മുതൽ നാല് അടി വരെയും ചില സമയങ്ങളിൽ അഞ്ച് അടി വരെയും ഉയരാം. ഉൾക്കടലിൽ തിരമാലകൾ നാലു മുതൽ ഏഴ് അടി വരെയും, ചില അവസരങ്ങളിൽ 10 അടി വരെയും ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ നാലു മുതൽ എട്ടു കിലോമീറ്റർ വരെയായിരിക്കും കാഴ്ച പരിധി. എങ്കിലും, പകൽ സമയങ്ങളിൽ പൊടിക്കാറ്റ് കാരണം ഇത് മൂന്നു കിലോമീറ്ററോ അതിൽ താഴെയോ ആയി കുറയാൻ സാധ്യതയുണ്ട്. ഉൾക്കടലിൽ കാഴ്ച പരിധി നാലു മുതൽ 10 കിലോമീറ്റർ വരെയായിരിക്കും.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കടലിൽ പോകുന്നവരും പൊതുജനങ്ങളും മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.