ദോഹ: സുനിൽ ഛേത്രിയുടെയും സഹൽ അബ്ദുൽ സമദിന്റെയും സ്വപ്നങ്ങളിലേക്ക് ഗോൾമാലപ്പടക്കം തീർക്കാനെത്തുന്ന പന്തിന്റെ പേര് വിളിച്ചു. അടുത്ത വർഷം ജനുവരി-ഫെബ്രുവരിയിൽ ഖത്തറിന്റെ മണ്ണിൽ വൻകരയുടെ പോരാട്ടത്തിന് ചൂട് പിടിക്കുമ്പോൾ മൈതാനത്ത് കുതിക്കുന്ന തുകൽ പന്തിനെ ‘വോർടെക്സ് എ.സി23’ എന്ന് ഫുട്ബാൾ ലോകം വിളിക്കും. കഴിഞ്ഞ ദിവസമാണ് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും നിർമാതാക്കളായ ‘കെൽമി’യും ടൂർണമെന്റിന്റെ ഔദ്യോഗിക പന്ത് പുറത്തിറക്കിയത്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഫുട്ബാളിന് ഖത്തർവേദിയാകുന്നത്.
കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്ബാളിൻെറ ഔദ്യോഗിക പന്തുകളായിരുന്ന ‘അൽ രിഹ്ല’യും, സെമി-ഫൈനൽ മത്സരത്തിൽ ഉപയോഗിച്ച ‘അൽ ഹിൽമും’ ആരാധകർ ഏറ്റെടുത്ത അതേ ആവേശത്തിൽ ‘വോർടെക്സി’നെയും ഏറ്റെടുക്കാം.
ഖത്തറിൻെറ ദേശീയ പതാകയുടെ നിറമായ മറൂണും വെള്ളയും നിറത്തിലായാണ് പന്ത് രൂപകൽപന ചെയ്തത്. ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിൻെറയും നിർമാതാക്കളായ ‘കെൽമി’യുടെയും േലാഗോയും പന്തിൽ മുദ്രണം ചെയ്തിരിക്കുന്നു. ‘വോർടെക്സ് എസി23’ എന്ന പേരും പന്തിൽ കാണാം. ഏറ്റവും മികച്ച ഗുണനിലവാരവും ഡിസൈനും നിലർത്തിയാണ് പന്ത് തയ്യാറാക്കിയത്.
ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻെറ പ്രധാന പങ്കാളികളിൽ ഒരാൾ കൂടിയാണ് പ്രമുഖ സ്പോർട്സ് ഗുഡ്സ് ബ്രാൻഡായ കെൽമി. വേഗതയും കൃത്യതയും തികഞ്ഞ രീതിയിലാണ് പന്തിൻെറ നിർമാണം. തുടർച്ചയായ സാങ്കേതിക പരിശോധനകളും മറ്റും പൂർത്തിയാക്കിയാണ് പന്ത് പുറത്തിറക്കുന്നതെന്ന് എ.എഫ്.സി ജനറൽ സെക്രട്ടറി ഡാറ്റുക് സെറി വിൻഡ്സർ ജോൺ പറഞ്ഞു.
വൻകരയുടെ ഫുട്ബാൾ മേളയിലേക്കുള്ള തങ്ങളുടെ ജൈത്രയാത്രയിൽ നിർണായക നാഴികകല്ലായി ഔദ്യോഗിക മാച്ച് ബാൾ പുറത്തിറക്കാനായതിലെ സന്തോഷവും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പങ്കുവെച്ചു. ഏഷ്യയിലെ കരുത്തരായ 24ടീമുകൾ മാറ്റുരക്കുന്ന ടൂർണമെൻറിനായി കെൽമി അവതരിപ്പിക്കുന്ന പന്ത് സാങ്കേതിക തികവിലും മാച്ച് സ്പിരിറ്റിനെ അതേ നിലയിൽ നിലനിർത്തുന്നതിലും നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫുട്ബാളിനുള്ള മാച്ച് പന്തുകളെ ചാമ്പ്യൻഷിപ്പിന്റെ ഏറ്റവും വലിയ സുവനീർ ആയി നെഞ്ചേറ്റിയ ആരാധകർക്കിടയിലേക്കാണ് ഖത്തർ വേദിയാവുന്ന അടുത്ത മെഗാമേളയുടെ ഔദ്യോഗിക പന്തായി ‘വോർടെക്സ്’ എത്തുന്നത്.
അടുത്ത ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന വൻകരയുടെ പോരാട്ടത്തിൽ ഇന്ത്യയും മാറ്റുരക്കുന്നുവെന്നതാണ് ഖത്തറിലെ മലയാളികൾ ഉൾപ്പെടെ ഫുട്ബാൾ ആരാധകരുടെ സന്തോഷം. കരുത്തരായ ആസ്ട്രേലിയക്കെതിരെ ജനുവരി 13നാണ് ഇന്ത്യയുടെ ആദ്യ മത്സരം. സുനിൽ ഛേത്രിയും സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനുമെല്ലാം കളംനിറയാൻ ഒരുങ്ങുമ്പോൾ അവരുടെ ബൂട്ടുകളിൽ ‘വോർട്ടെക്സ്’ ഗോളുകളായി ഭാഗ്യം പെയ്യട്ടെ എന്ന പ്രാർത്ഥനയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ. 18ന് ഉസ്ബെകിസ്താനെതിരെയും, 23ന് സിറിയക്കെതിരെയുമാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ. ലോകകപ്പ് വേദികളായ അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം എന്നിവക്കൊപ്പം അബ്ദുള്ള ബിൻ ഖലീഫ സ്റ്റേഡിയമാണ് മറ്റൊരു വേദി.
ലോകകപ്പ് ഫുട്ബാളിൽ ഔദ്യോഗിക മാച്ച് ബാളിനും അതിന്റെ പേരിനും ഏറെ സവിശേഷതകളുണ്ട്. ലോകം തന്നെ ആവേശത്തോടെയാണ് ഓരോ പന്തിനെയും ഏറ്റെടുക്കുന്നത്. 1930 പ്രഥമ ലോകകപ്പിൽ തന്നെ മാച്ച് ബാൾ പ്രഖ്യാപിച്ചു.
എന്നാൽ, 2004 മുതലാണ് ഏഷ്യൻ കപ്പിൽ ഔദ്യോഗിക മാച്ച് ബാളുകൾ എത്തുന്നത്. അതേ വർഷം യൂറോകപ്പിൽ ഉപയോഗിച്ച പന്തായിരുന്നു ചൈനയിൽ നടന്ന ഏഷ്യൻ കപ്പിലും ഉപയോഗിച്ചത്. അഡിഡാസിന്റെ ‘റൊടിറോ’ ആയിരുന്നു പന്ത്.
2007ൽ ആദ്യമായി സ്വതന്ത്രമായി ഡിസൈൻ ചെയ്ത പന്തുകൾ ഏഷ്യൻ കപ്പിന് ഉപയോഗിച്ചു തുടങ്ങി. നൈകിന്റെ ‘മെർകുറിയൽ വെലോസി’ആയിരുന്നു ഇന്തോനേഷ്യ, മലേഷ്യ, തായ്‍ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നടന്ന ടൂർണമെന്റിന്റെ മാച്ച് ബാൾ.
2011ൽ ഖത്തർ വേദിയായപ്പോൾ നൈകിന്റെ ‘ടോട്ടൽ 90 ട്രേസറും’, 2015 ആസ്ട്രേലിയ ഏഷ്യൻ കപ്പിൽ ‘ഓർഡം 2’വും ഔദ്യോഗിക മാച്ച് ബാളുകളായി.
2019ൽ യു.എ.ഇ വേദിയായ ഏഷ്യൻ കപ്പിലായിരുന്നു അഡിഡാസും നൈകും ഒഴിവാക്കി പുതിയ പന്തുകളെത്തിയത്. മോൾട്ടൻ തയ്യാറാക്കിയ ‘അസന്റക്’ ആയിരുന്നു മാച്ച് ബാൾ. ഇത്തവണ ലബനാനിൽ നിന്നും ലോകോത്തര സ്പോർട്സ് ബ്രാൻഡായി മാറിയ ‘കെൽമി’ ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക മാച്ച്ബാൾ ഉടമകളായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.