2022​െല ഖത്തർ ലോകകപ്പ് ഫുട്ബാളിനിടെ വളണ്ടിയർമാർ

സ്വപ്നലോകത്തെ വളന്റിയർ കാലം

ഖത്തർ ലോകകപ്പ് ഫുട്ബാൾ വളണ്ടിയർ അപ്ലിക്കേഷൻ നൽകിയ മെയിൽ ഐ.ഡി സാങ്കേതിക കാരണങ്ങളാൽ തുറക്കാൻ കഴിയുന്നില്ല. ഇനിയൊരു അവസരം കിട്ടില്ലെന്ന നിരാശാജനകമായ അവസ്ഥയിൽ നിന്നാണ് മറ്റൊരു മെയിലിൽ നിന്ന് ഒന്ന് കൂടി ട്രൈ ചെയ്തത്. ഭാഗ്യം തുണച്ചു. ഇന്റർവ്യൂ വിളി വന്നു. സെലക്ഷൻ കിട്ടി. അന്നു മുതൽ ഫൈനൽ വരെ ഒരു മായാലോകത്ത് കാൽപന്ത് കളിക്കൊപ്പം മാസങ്ങളോളം നീണ്ട സഞ്ചാരമായിരുന്നു.

പ്രീ മാച്ച് സെറിമണീസ് അഥവാ കളിക്ക് തൊട്ടുമുമ്പേ മത്സരിക്കുന്ന ടീമുകളുടെ പതാകയുമായി പുൽമൈതാനിയിലേക്ക് ചുവട് വെക്കുക, അതായിരുന്നു ഞങ്ങളുടെ ദൗത്യം. തുമാമ സ്റ്റേഡിയത്തിലും 974 സ്റ്റേഡിയത്തിലുമായിരുന്നു ഡ്യൂട്ടി. മത്സര ഷെഡ്യൂൾ നോക്കുമ്പോള് അർജന്റീന, ബ്രസീൽ, ഫ്രാൻസ്, പോർചുഗൽ ടീമൊക്കെ ഈ രണ്ടിലേതിലെങ്കിലും കളിക്കാനെത്തുന്നുണ്ട്. അതറിഞ്ഞതും അപ്പോൾ ബോധം കെട്ടുപോകുമോ എന്ന് തോന്നി പോയി. എക്സിബിഷൻ സെന്ററിലെ വളണ്ടിയർ സെന്ററിൽ കുറച്ചുസമയം ഇരുന്ന് ക്ഷീണം മാറ്റിയ ശേഷമാണ് സ്ഥലകാലബോധം വീണ്ടെടുത്തത്.

 

പട്ടാളച്ചിട്ടയോടെ ഗ്രൗണ്ടിൽ പ്രവേശിക്കണം. മ്യൂസിക്കിനും ലൈറ്റ് ഷോക്കും ഒപ്പം കാണികളെ ആകർഷിക്കുന്ന രീതിയിൽ ഫ്ലാഗ് നിവർത്തണം. സ്റ്റേഡിയത്തിലെത്തുന്ന പതിനായിരങ്ങളും ലോകം മുഴുവൻ ടി.വിയിലൂടെയും കാണുന്ന ഡ്യൂട്ടിയാണ്. വിദേശ ഇവന്റ് മാനേജർമാരുടെ കീഴിൽ തുമാമ സ്റ്റേഡിയത്തിൽ ദിവസങ്ങൾ നീണ്ട പരിശീലനം. മത്സര ദിവസം ആറു മണിക്കൂർ മുമ്പെ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. രണ്ടു സമയങ്ങളിലായി അവസാന വട്ട റിഹേഴ്സലുണ്ടാവും. ഇടവേളകൾ ആനന്ദകരമാക്കാൻ പല രാജ്യക്കാർ ഒന്നിച്ചിരുന്ന് മല്ലൂസിന്റെ നേതൃത്വത്തില് മുട്ടിപ്പാട്ട് അരങ്ങേറും. ആദ്യ മത്സരം നവമ്പര് 21ന്.

ഓരോരുത്തരുടെയും നെഞ്ചിടിപ്പ് തൊട്ടടുത്ത് നില്ക്കുന്നവർക്ക് കേൾക്കാം. ബി.ടി.എസിന്റെ ഗാനം മുഴങ്ങി, വളരെ ഭംഗിയായി ഡ്യൂട്ടി പൂർത്തിയാക്കി. ഗ്രൗണ്ടിൽ ഇറങ്ങുന്നതിനാലും മത്സരത്തിനു തൊട്ട് മുമ്പ് പ്രാക്ടീസിനായി ടീമുകൾ അടുത്തെത്തുന്നതിനാലും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫോണുകൾ നേരത്തെ വാങ്ങി വെക്കും. മത്സരം തുടങ്ങുന്നതോടെ ഞങ്ങളുടെ ഡ്യൂട്ടി അവസാനിക്കും. പിന്നെ അക്രഡിറ്റേഷൻ കാർഡുള്ളതിനാൽ ഗ്യാലറിയിൽ പ്രവേശിച്ച് പാസേജ് ഏരിയയിലേ മറ്റോ നിന്ന് ഒളിഞ്ഞ് നോക്കി കളി മുഴുവന് കാണാം.

മത്സരം തുടങ്ങും മുമ്പ് സ്റ്റേയത്തിന് പുറത്ത് വൻ വൈബാണ്. ഞങ്ങളുടെ റിഹേഴ്സൽ കഴിഞ്ഞാല് ഫ്രീ സമയം ഉണ്ടാവും. അന്ന് മത്സരത്തിനിറങ്ങുന്ന ടീമിന്റെ ഫാൻസിനൊപ്പം ഞങ്ങളും ചേരും. പല രാജ്യക്കാർ, പല സംസ്കാരം, ഒരേ വികാരം ഫുട്ബാൾ. ഓർക്കുമ്പോൾ ഇപ്പോഴും വല്ലാതെ മിസ്സ് ചെയ്യും. സ്റ്റേഡിയത്തിന് പുറത്തെ ഫാൻസ് സോൺ എന്റെ താമസസ്ഥലത്തിന്റെ തൊട്ടടുത്തായിരുന്നു. ഊണും ഉറക്കവും ഫുട്ബാളായ ദിന രാത്രങ്ങൾ. പുലർച്ചെ 2.30 മുതൽ 10.30 വരെ നീളുന്ന ജോലി സമയം. അത് കഴിഞ്ഞ് നേരെ സ്റ്റേഡിയത്തിലേക്ക്. റിപ്പോർട്ടിങ് സമയം ആയില്ലെങ്കിൽ വളണ്ടിയർ സെന്ററിലെ ബീന് ബാഗില് ഉറക്കം. മത്സരശേഷം രാത്രി 12ഓടെ റൂമിലെത്തി ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങി വീണ്ടൂം ജോലിക്ക്. ഇതായിരുന്നു വളണ്ടിയർ ഡ്യൂട്ടിയുള്ള ദിവസത്തെ ദിനചര്യ. ഫുട്ബാള് ലഹരിക്ക് മുകളിൽ ക്ഷീണമോ വിശപ്പോ ഇല്ലാത്ത നാളുകൾ.

വളണ്ടിയർ ഡ്യൂട്ടി ഇല്ലാത്ത ദിവസം പക്കാ അർജന്റീന ഫാൻ ആയി ഫാന്സോണില് കറങ്ങി നടന്നത്, ചാനലുകാരെ കണ്ടാൽ ചാടിവീണ് ബൈറ്റ്സ് കൊടുത്തത്, ആദ്യ മത്സരത്തിൽ അർജന്റീന തോറ്റപ്പോൾ അൽബിദ ഫാൻസോണിൽ നിരാശയോടെ ഇരുന്നത്, ടൂർണമെന്റിന് മുമ്പായി ഫാൻസ് പരേഡ് എന്ന പേരില് കോർണിഷിലൂടെ പാട്ടു പാടിയും മുദ്രാവാക്യം വിളിച്ചും കിലോമീറ്ററുകൾ നടന്നത്, 974 സ്റ്റേഡിയത്തിൽ പോളണ്ടിനെതിരെ മത്സരത്തിൽ മെസ്സിയെ ആദ്യമായി നേരിട്ട് കണ്ടത്, റയ്യാന് സ്റ്റേഡിയത്തിൽ മെസ്സിയുടെ ഗോൾ ആദ്യമായി നേരിട്ട് കണ്ടത്, ടീമിലെ ​പ്രശ്നവും മൊറോക്കോയോടുള്ള തോൽവിയിലും നിസ്സഹയനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിട്ടതിന് സാക്ഷിയായത്, മെട്രോയിലെയും സൂഖ് വാഖിഫിലെയും ആവേശ ദിനങ്ങൾ, ലുസൈലിൽ തടിച്ച് കൂടിയ പുരുഷാരവത്തോടൊപ്പം ചേർന്ന് പെരുവിരലിലൂന്നി നിന്ന് ഫൈനൽ പേരാട്ടം കണ്ടത്, കപ്പുമായി വരുന്ന മെസ്സിയെ കാത്ത് പാതിരാ വരെ ബൊളിവാഡിൽ കഴിച്ചുകൂട്ടിയത്.

അങ്ങനെ ഓർത്തിരിക്കാൻ ഒത്തിരിയാണ് 2022 ലോകകപ്പ് തന്നത്. കളിയുടെ പൂരം കൊടിയിറങ്ങി കളിക്കാരും കാണാൻ വന്നവരും തിരികെ പോയപ്പോൾ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട പോലെ ആയിരുന്നു. രണ്ടാം നാൾ കോർഷിലേക്കിറങ്ങിയപ്പോൾ അവിടെ ഒന്നരമാസക്കലമായി ഉത്സവാന്തരീക്ഷം സൃഷ്ടിച്ച തെരുവിലെ വിളക്കണഞ്ഞിരിക്കുന്നു. ആളും ആരവവുമില്ല, മെട്രോയും സൂഖുമൊക്കെ ഒറ്റ ദിവസം കൊണ്ട് ശൂന്യമായത് പോലെ. ആ വിഷാദത്തിൽ നിന്ന് കരകയറാന് മാസങ്ങളെടുത്തു. ഈ മഹാമേളയുടെ ഭാഗമാകാൻ, ഇതിഹാസ താരങ്ങൾ പന്ത് തട്ടുന്നത് നേരിൽ കാണാൻ അവസരം തന്ന ഖത്തറിന് നന്ദി. ഇന്നും ഓർക്കുന്നു ആ നല്ല നാളുകൾ...

Tags:    
News Summary - Volunteer time in the world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.