പാരിസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന ലോക പൈതൃക സമിതി സമ്മേളനത്തിൽ ഖത്തർ പ്രതിനിധി ഡോ. നാസർ ബിൻ ഹമദ് അൽ ഹൻസബ് സംസാരിക്കുന്നു
ദോഹ: അധിനിവിഷ്ഠ ഫലസ്തീൻ പ്രദേശങ്ങളിലെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്ന് ഖത്തർ. റാമല്ലയിലും ഗസ്സയിലും അടക്കമുള്ള ഫലസ്തീനിലെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെ ആക്രമിക്കുന്നതിലൂടെ, 1972ലെ ലോക പൈതൃക കൺവെൻഷൻ നയങ്ങളുടെ വ്യക്തമായ ലംഘനമാണ് നക്കുന്നതെന്നും ഡോ. നാസർ ബിൻ ഹമദ് അൽ ഹൻസബ് പറഞ്ഞു.പാരിസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന ലോക പൈതൃക സമിതി സമ്മേളനത്തിന്റെ സമാപനത്തിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. നാസർ ബിൻ ഹമദ് അൽ ഹൻസബ് പങ്കെടുത്ത് സംസാരിച്ചു.ഇസ്രായേൽ അധിനിവേശം കാരണം ഇബ്റാഹീമി മസ്ജിദ് നേരിടുന്ന ഭീഷണികളും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഈ ചരിത്രപരമായ സ്ഥലം സംരക്ഷിക്കാനും അടിയന്തര നടപടി സ്വീകരിക്കാനും അന്താരാഷ്ട്ര സമൂഹത്തോടും ലോക പൈതൃക സമിതിയോടും യുനെസ്കോ ലോക പൈതൃക സമിതിയുടെ വൈസ് ചെയർ എന്ന നിലയിലും അറബ് ഗ്രൂപ്പിന്റെ പ്രതിനിധി എന്ന നിലയിലും അദ്ദേഹം ആഹ്വാനം ചെയ്തു.
സംഘർഷമേഖലകളിലെ മനുഷ്യരാശിയുടെ പൈതൃകം സംരക്ഷിക്കുക എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും ഇത് നിസ്സംഗതയോ അവഗണനയോ ഇല്ലാതെ നിർവഹിക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനം, സംഘർഷങ്ങൾ എന്നിങ്ങനെ വിവിധ ഭീഷണികളിൽനിന്ന് പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യവും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ഊന്നിപ്പറഞ്ഞു.മാനവരാശിയുടെ പൈതൃകം സംരക്ഷിക്കുന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും അതിന് വൈദഗ്ധ്യം, അറിവ്, രാഷ്ട്രീയ ഇച്ഛാശക്തി എന്നിവ സമന്വയിപ്പിക്കുന്ന സമഗ്ര സമീപനം ആവശ്യമാണെന്ന് ഖത്തറിന്റെ പ്രതിനിധി ഡോ. നാസർ ബിൻ ഹമദ് അൽ ഹൻസബ് പറഞ്ഞു. ലോകമെമ്പാടും സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സാംസ്കാരിക പൈതൃകങ്ങൾ അപകടത്തെ നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിലൂടെ മാനവരാശിയുടെ സമ്പന്നമായ പ്രതീകങ്ങളും സ്വത്വങ്ങളും നശീകരണത്തിനും കൊള്ളയടിക്കലിനും വിധേയമാവുകയാണ്. ലോക പൈതൃകങ്ങൾ മനുഷ്യരാശിയുടെ പൊതുവായ പാരമ്പര്യമാണെന്നും അതിന്റെ ചരിത്രം, വൈവിധ്യത്തെയും വിവിധ അനുഭവങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്കാരിക പൈതൃകം നശിപ്പിക്കുന്നതുമൂലം കെട്ടിടങ്ങളും കല്ലുകളും മാത്രമല്ല ഇല്ലാതാക്കുന്നത്, പൂർവികരുടെ കഥകളെയും ചരിത്രങ്ങളെയും ഇല്ലാതാക്കുകയും ജനങ്ങളും ഭൂതകാലവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. സംഘർഷാനന്തരം അനുരഞ്ജനത്തിനും വീണ്ടെടുക്കലിനുമുള്ള അവസരങ്ങളെയും ഇല്ലാതാക്കുന്നു.ഖത്തർ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കുന്നതിൽ വലിയ ശ്രദ്ധ നൽകുന്നുണ്ടെന്നും 1972ലെ യുനെസ്കോ ലോക പൈതൃക കൺവെൻഷന്റെ മാനദണ്ഡങ്ങളും തത്ത്വങ്ങളും നടപ്പാക്കുന്നതിൽ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി ലിസ്റ്റ് ചെയ്ത സൈറ്റുകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളെ ഖത്തർ പിന്തുണക്കുന്നതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.