ദോഹ: ഖത്തറിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന മറ്റൊരു മികച്ച ടൂർണമെന്റായിരിക്കും അണ്ടർ 17 ലോകകപ്പ് എന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ ഇതിഹാസവും അണ്ടർ 17 പരിശീലകനുമായ അഹ്മദ് അൽ കാസ്. ടൂർണമെന്റിന്റെ ഭാഗമായുള്ള ഗ്രൂപ് ഡ്രോ ചടങ്ങിനെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1990ലെ ഫിഫ ലോകകപ്പിൽ ഈജിപതിനെ പ്രതിനിധാനം ചെയ്ത താരമാണ് അൽ കാസ്.
പുതിയ തലമുറയിലെ കളിക്കാർ വലിയ വേദികളിൽ തിളങ്ങുന്നത് കാണാൻ ആഗ്രഹമുണ്ട്. വലിയ കായിക മേളകളുടെ സംഘാടനത്തിലൂടെ മേഖലയിലെ കായിക തലസ്ഥാനമെന്ന ഖ്യാതി നേടുകയാണ് ഖത്തർ. 2022ൽ മികച്ച ലോകകപ്പ് സംഘടിപ്പിച്ചത് ലോകം കണ്ടതാണ്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ആവേശകരമായ ടൂർണമെന്റായിരിക്കും അണ്ടർ 17 ലോകകപ്പ്. ടൂർണമെന്റിൽ ടീമിന് പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ് ഇ-യിൽ ഇംഗ്ലണ്ട്, വെനസ്വേല, ഹെയ്തി എന്നീ ടീമുകൾക്കൊപ്പമാണ് ഈജിപ്ത് മാറ്റുരക്കുക.
നവംബർ നാലിന് ആസ്പയർ സോണിൽ ഹെയ്തിക്കെതിരെയാണ് ആദ്യ മത്സരം. 1997ൽ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിലാണ് ഈജിപ്ത് അവസാനമായി പങ്കെടുത്തത്, അന്ന് ടീം ക്വാർട്ടർ ഫൈനലിൽ വരെ എത്തി. ഗ്രൂപ്പിലെ എല്ലാ ടീമുകളും ശക്തരാണെന്നും അദ്ദേഹം പറഞ്ഞു. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ അണ്ടർ 17 ലോകകപ്പ് ആണ് ഇത്. 2029 വരെ തുടർച്ചയായി ഖത്തർതന്നെയാണ് ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നത്.
ആസ്പയർ സോൺ കോംപ്ലക്സിൽ നവംബർ മൂന്നു മുതൽ 27 വരെയാണ് ടൂർണമെന്റ് നടക്കുക. നവംബർ മൂന്നിന് ആതിഥേയരായ ഖത്തറും യൂറോപ്യൻ വമ്പന്മാരായ ഇറ്റലിയും തമ്മിലാണ് ആദ്യ മത്സരം. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം അരങ്ങേറും. മുഴുവൻ മത്സരക്രമത്തിനും സന്ദർശിക്കുക: https://www.fifa.com/en/tournaments/mens/u17worldcup/qatar-2025.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.