ദോഹ: കഴിഞ്ഞ വർഷം നവംബറിൽ രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ). 2022 നവംബറിൽ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം 118,117 ആണ്. 2021 നവംബറിനെ അപേക്ഷിച്ച് 42 ശതമാനം കുറവാണിത്. അന്ന് ഗതാഗത നിയമലംഘനങ്ങൾ 199,504 ആയിരുന്നു. പ്രതിമാസ അടിസ്ഥാനത്തിൽ ഒക്ടോബറിനെ അപേക്ഷിച്ച് നിയമലംഘനങ്ങളിൽ 41 ശതമാനം കുറവ് രേഖപ്പെടുത്തിയതായും പി.എസ്.എ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
നിയമലംഘനങ്ങളിൽ കൂടുതൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് അമിത വേഗത വിഭാഗത്തിലാണ്. വാർഷികാടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ 2021 നവംബറിൽ 140,165 വേഗപരിധി നിയമലംഘന കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, 2022 നവംബറുമായി താരതമ്യംചെയ്യുമ്പോൾ 54.5 ശതമാനം കുറഞ്ഞ് 63,779 എത്തിയതായും പി.എസ്.എ ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തിൽ പ്രതിമാസാടിസ്ഥാനത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് -48.2 ശതമാനം. ട്രാഫിക് സിഗ്നൽ നിയമലംഘനങ്ങളിലും 2022 നവംബറിൽ ഗണ്യമായ കുറവുണ്ടായി. വാർഷികാടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ 46.5 ശതമാനം കുറവും 2022 ഒക്ടോബറിനെ അപേക്ഷിച്ച് 23.9 ശതമാനം കുറവും രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടും ആകെ നിയമലംഘനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും പി.എസ്.എ റിപ്പോർട്ടിൽ സൂചിപ്പിച്ചു. അതേസമയം, ഖത്തറിലെ ഗതാഗതനിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് റഡാറുകൾ സ്ഥാപിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അമിതവേഗത, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുക എന്നിവ നിരീക്ഷിക്കാൻ റഡാറുകൾക്ക് ശേഷിയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറക്കുന്നതിനും റോഡ് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളെ ഓർമിപ്പിച്ചു. ഫിഫ ലോകകപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് അൽ ബെയ്ത് സ്റ്റേഡിയത്തിലേക്ക് ആരാധകർക്ക് എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കി സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിൽ ട്രാഫിക് മാനേജ്മെന്റ് യൂനിറ്റ് വിജയിച്ചിരുന്നുവെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.