പുതിയ ബീച്ച് റിസോർട്ടുകളിലെ നിക്ഷേപാവസരങ്ങൾ പുറത്തുവിട്ട ചടങ്ങിൽ പ്രമുഖർ
ദോഹ: രാജ്യത്തിെൻറ വിവിധ മേഖലകളിലായി പുതിയ മൂന്ന് റിസോർട്ടുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ ദേശീയ ടൂറിസം കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച വിപുലമായ ചടങ്ങിലാണ് മൂന്ന് ബീച്ച് റിസോർട്ടുകളുടെ നിർമാണവുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങൾ മന്ത്രാലയം പുറത്തുവിട്ടത്.
റാസ് ബുറൂഖ്, ഫുവൈരിത്, ബിൻ ഗന്നാം എന്നിവിടങ്ങളിലാണ് പുതിയ മൂന്ന് റിസോർട്ടുകൾ സ്ഥാപിക്കുന്നത്. പൊതു-സ്വകാര്യ സംയുക്ത പങ്കാളിത്തത്തിലാണ് റിസോർട്ടുകളുടെ നിർമാണമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസം ഉൾപ്പെടെയുള്ള എണ്ണയിതര മേഖലകൾക്ക് കൂടുതൽ പിന്തുണ നൽകിക്കൊണ്ടുള്ള രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന വിഷൻ 2030െൻറ പാതയിലൂന്നിയാണ് പുതിയ സംരംഭങ്ങൾ വരുന്നത്.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ തീം പാർക്കൊരുക്കിയ സൽവ ബീച്ച് റിസോർട്ട് ഈയടുത്താണ് ആദ്യഘട്ടത്തിെൻറ പ്രവർത്തനം തുടങ്ങിയത്. മരുഭൂമിയിലെ വെള്ളച്ചാട്ടം, അഡ്വഞ്ചർ പാർക്ക്, വിവിധ റൈഡുകൾ, അരുവികൾ തുടങ്ങി ഒട്ടനവധി കാഴ്ചകൾ ഈ തീം പാർക്കിലുണ്ട്. തലസ്ഥാന നഗരിയിൽനിന്നും 97 കി.മീറ്റർ അകലെ അബൂസംറയിലാണ് പുതുതായി പണി കഴിപ്പിച്ച സൽവ ബീച്ച് റിസോർട്ട്. സൽവ റോഡിൽ എക്സിറ്റ് 84ൽ ആണ് തീം പാർക്കും റിസോർട്ടും സ്ഥിതി ചെയ്യുന്നത്. കതാറ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറിെൻറ ഉടമസ്ഥതയിലാണ് സൽവ ബീച്ച് റിസോർട്ടും തീം പാർക്കുമുള്ളത്. നടത്തിപ്പ് ചുമതല ഹിൽട്ടൺ ഹോട്ടൽസ് ആൻഡ് റിസോർട്ടിനാണ്.
അത്യാധുനിക സൗകര്യങ്ങളോടെ 115 വില്ലകളും 246 മുറികളുമുള്ള പഞ്ചനക്ഷത്ര ഹോട്ടലും അറേബ്യൻ ഉൾക്കടലിെൻറ മനോഹാരിത പ്രകടമാക്കുന്ന ദൃശ്യഭംഗിയും സൽവ ബീച്ച് റിസോർട്ടിെൻറ സവിശേഷതകളാണ്. മൂന്നു കിലോമീറ്റർ ൈപ്രവറ്റ് ബീച്ച്, ലക്ഷ്വറി മറീന, യാച്ച് ക്ലബ്, വാട്ടർ തീം പാർക്ക്, ഡൈവിങ് സെൻറർ, സിനിമ തിയറ്ററുകൾ, ഷോപ്പിങ് മാൾ, അറേബ്യൻ വില്ലേജ്, സ്പാ-ഹെൽത്ത് ക്ലബ് എന്നിവയും ഇവിടെ സന്ദർശകർക്കായി സജ്ജമാക്കിയിരിക്കുന്നു. ഇത്തരത്തിലുള്ള വൻ സൗകര്യങ്ങളുള്ള ബീച്ച് റിസോർട്ടുകളാണ് ഇനിയും രാജ്യത്ത്വരുന്നത്. നിക്ഷേപകർക്ക് മികച്ച അവസരങ്ങളാണ് ഇവ നൽകുന്നത്.
നിക്ഷേപ അവസരങ്ങൾ പുറത്തുവിട്ട ചടങ്ങിൽ ഖത്തർ നാഷനൽ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ, വാണിജ്യ വ്യവസായ മന്ത്രാലയം വാണിജ്യകാര്യ അസി. അണ്ടർ സെക്രട്ടറി സാലിഹ് ബിൻ മാജിദ് അൽ ഖുലൈഫി, മന്ത്രാലയത്തിലെ പൊതു-സ്വകാര്യ പങ്കാളിത്ത വിഭാഗം മേധാവി എൻജി. മുഹമ്മദ് അൽ അദ്ഹം, ഹമദ് രാജ്യാന്തര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസർ എൻജി. ബദർ മുഹമ്മദ് അൽ മീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.