ദോഹ: കഠിന ചൂടിനാൽ പ്രയാസമനുഭവിക്കുന്നവർക്ക് ശുഭവാർത്ത നൽകി ഖത്തറിന്റെ ആകാശത്ത് ഇന്ന് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടും. ഖത്തറിലും മറ്റു ജി.സി.സി രാജ്യങ്ങളിലും സുഹൈൽ സീസണ് തുടക്കമിട്ട് സുഹൈൽ നക്ഷത്രം ഞായറാഴ്ച ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.ഗൾഫ് മേഖലയിലുള്ളവർ സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നത് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ അൻസാരി പറഞ്ഞു.
52 ദിവസം നീണ്ടുനിൽക്കുന്ന സുഹൈൽ സീസണിൽ അന്തരീക്ഷ താപനില ക്രമേണ കുറയുകയും മൺസൂൺ കാലാവസ്ഥ തുടങ്ങുകയും ചെയ്യുന്നു. വേനൽ സീസണിന്റെ ഒടുവിലത്തെ നക്ഷത്രമായാണ് സുഹൈലിനെ കണക്കാക്കുന്നത്. ആകാശത്ത് ഈ താരകം പിറക്കുന്നതോടെ കഠിനചൂട് കുറഞ്ഞുവരുന്നു. അന്തരീക്ഷ താപനില കുറയുന്നതോടൊപ്പം മഴ പെയ്യാനുള്ള സാധ്യതകളുമുണ്ട്. കൂടാതെ, പകൽ സമയം കുറയുകയും രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നു.
ഖത്തറും ഇതര ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലുള്ളവർ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ചൂടുകാലം തള്ളിനീക്കുന്നത് സുഹൈലിന്റെ വരവും പ്രതീക്ഷിച്ചാണ്. അവർക്കുള്ള ആശ്വാസ വാർത്തയാണ് ആഗസ്റ്റ് 24ഓടെ സുഹൈൽ നക്ഷത്രം ആകാശത്ത് തെളിയുമെന്നത്. ഖത്തർ കാലാവസ്ഥ വിഭാഗം ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്.സുഹൈൽ നക്ഷത്രം സംബന്ധിച്ച് അറബികൾക്ക് പുരാതന കാലം മുതൽതന്നെ ധാരണയുണ്ടായിരുന്നു.
സിറിയസിന് ശേഷം ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ. ഭൂമിയിൽനിന്ന് 300 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന സുഹൈൽ നക്ഷത്രം സംബന്ധിച്ച് അറബികൾക്ക് പുരാതന കാലം മുതൽതന്നെ അറിയാമെന്ന് പൗരാണിക അറബ് കവിതകളിലൂടെയും സാഹിത്യങ്ങളിലൂടെയും മനസ്സിലാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.