ബീച്ച് വോളിബാളിൽ ഖത്തറിനായി സ്വർണം നേടിയ ഷെരീഫ് യൂനൂസ് -അഹമ്മദ് തിജാൻ ജോഡി
ഏഷ്യൻ ഗെയിംസ്; ബീച്ച് വോളിബാളിൽ ഹാട്രിക് വിജയം
ദോഹ: ഏഷ്യൻ ഗെയിംസ് ബീച്ച് വോളിബാളിൽ ഖത്തറിന് സ്വർണം. ഇന്തോനേഷ്യയെ 2-1 ന് പരാജയപ്പെടുത്തിയാണ് ഷെരീഫ് യൂനൂസ് -അഹമ്മദ് തിജാൻ എന്നിവർ ഹാട്രിക് വിജയം സ്വന്തമാക്കിയത്. ജക്കാർത്ത (2018), ഹാങ്‌ഷൂ (2022) എന്നീ ഏഷ്യൻ ഗെയിംസുകളിലും ഇവർ സ്വർണനേട്ടം കരസ്ഥമാക്കിയിരുന്നു. സന്യ 2026 ഏഷ്യൻ ബീച്ച് ഗെയിംസിലും ഇവർ സ്വർണം നേടിയിട്ടുണ്ട്.
ഗ്രൂപ്പ് എ-യിൽ ഒന്നാമതായി നോക്കൗട്ട് ഘട്ടത്തിലെത്തിയ ഇരുവരും ക്വാർട്ടർ ഫൈനലിൽ ഇറാനെയും (2-0), സെമിഫൈനലിൽ തായ്‌ലൻഡിനെയും (2-0) പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. ടോക്കിയോ 2020 ഒളിമ്പിക്സിൽ വെങ്കലം നേടി ഖത്തറിനായി ചരിത്രം കുറിച്ചിട്ടുണ്ട്. കടുത്ത മത്സരമായിരുന്നു ഫൈനലെന്നും ഒരുമിച്ചുള്ള പ്രകടനവും ശ്രദ്ധയുമാണ് വിജയത്തിലേക്ക് നയിച്ചതെന്നും ഷെരീഫ് യൂനൂസ് പ്രതികരിച്ചു. ഈ നേട്ടം ഖത്തറിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 5 സ്വർണം, 6 വെള്ളി, 5 വെങ്കലം എന്നിങ്ങനെ ഏഷ്യൻ ഗെയിംസിൽ ഖത്തറിന്റെ ആകെ മെഡൽ നേട്ടം 16 ആയി ഉയർന്നു. ഏഷ്യൻ ഗെയിംസ് ഇന്ന് സമാപിക്കും.
ഖത്തറിനായി സഹോദരങ്ങളുടെ സുവർണ നേട്ടം
ദോഹ: ജപ്പാനിലെ ഐച്ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് പാഡലിൽ മലേഷ്യയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഖത്തറിന് സ്വർണനേട്ടം. റാഷിദ് നവാഫ് -മഷാരി നവാഫ് സഹോദരങ്ങളാണ് ഖത്തറിനായി സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പാഡൽ ഇനത്തിൽ ഖത്തർ നേടുന്ന ആദ്യ സ്വർണമെഡലാണിത്.
റാഷിദ് നവാഫ് -മഷാരി നവാഫ് സഹോദരങ്ങൾ സ്വർണമെഡലുമായി
മലേഷ്യയുടെ ഐദാൻ യൂനുസ്, ക്രിസ്റ്റ്യൻ ചിൻ ജോഡിയെ 6-3, 6-1 എന്ന സ്കോറിനാണ് ഖത്തരി താരങ്ങൾ കീഴടക്കിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഖത്തരി ടീം കാഴ്ചവെച്ചത്. പ്രീ ക്വാർട്ടറിൽ കുവൈത്തിനെയും ക്വാർട്ടറിൽ യു.എ.ഇയെയും സെമി ഫൈനലിൽ ഇറാനെയുമാണ് ഖത്തർ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.