മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഐ.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
ഐ.സി.സി ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) മഹാത്മാ ഗാന്ധിയുടെ 157ാം ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധി ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐ.സി.സി അശോകാ ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ് സ്വാഗതം പറഞ്ഞു. എച്ച്.ആർ, അഡ്മിൻ ആൻഡ് കോൺസുലർ വിഭാഗം മേധാവി രാകേഷ് വാഗ് ആമുഖ പ്രസംഗം നടത്തി. മുഖ്യാതിഥി ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങൾ, ആശയങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വനി കുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ചും അഹിംസയിലധിഷ്ഠിതമായ സന്ദേശങ്ങളെക്കുറിച്ചും ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷ പ്രസംഗത്തിൽ ഓർമിപ്പിച്ചു. പ്രശസ്ത ഗസൽ -ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മകുമാറിന്റെ ഗസൽ സന്ധ്യ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരുന്നു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സർഗ്ഗാത്മകവും വിദ്യാഭ്യാസപരവുമായ വിവിധ മത്സരങ്ങളും ഐ.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ 14 സ്കൂളുകൾ പങ്കെടുത്തു. മഹാത്മാ ഗാന്ധി, ഇന്ത്യൻ ചരിത്രം, സ്വാതന്ത്ര്യ സമരം എന്നിവയെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരം മൻസൂർ മൊയ്തീൻ നിയന്ത്രിച്ചു. ബിർള പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും, ഒലീവ് ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചിത്രരചനാ മത്സരങ്ങളിൽ 350-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികളും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദി രേഖപ്പെടുത്തി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ്, ഐ.സി.സി അഡ്വൈസറി കൗൺസിൽ പ്രസിഡന്റ് പി.എൻ. ബാബു രാജൻ, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. നാസിയ ആയിരുന്നു അവതാരക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.