1: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഡയാസ്പോറ ഓഫ് മലപ്പുറം സംഘടിപ്പിച്ച പരിപാടി 2. ഡയാസ്പോറ ഓഫ് മലപ്പുറം ടീം പരിപാടിയിൽനിന്ന്

ഖത്തർ ലോകകപ്പും മലപ്പുറത്തിന്റെ കാൽപന്ത് ആവേശവും

കഴിഞ്ഞ ഇരുപത്തേഴ് വർഷങ്ങളായി ഖത്തറിൽ ജീവിക്കാനും പ്രവർത്തിക്കാനും അവസരം ലഭിച്ച എനിക്ക്, ഈ മഹത്തായ നാടിന് തിരികെ എന്തെങ്കിലും നൽകണമെന്ന ആഗ്രഹം എന്നും മനസ്സിലുണ്ടായിരുന്നു. ആ ആഗ്രഹം സഫലമാക്കാൻ ഏറ്റവും വലിയ അവസരമായി മാറിയത് 2022ലെ ഫിഫ ലോകകപ്പായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ തന്നെ അനേകം പ്രത്യേകതകളാൽ ശ്രദ്ധേയമായ ഈ ടൂർണമെന്റ് ഖത്തറിനെ ലോകത്തിന് മുന്നിൽ ഒരു മഹത്തായ മാതൃകയാക്കി ഉയർത്തി. ആ മഹാവിരുന്നിന് പിന്തുണ നൽകുന്നതിനും ഖത്തറിന്റെ ആതിഥേയത്വ വിജയത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനുമായി ഫുട്ബാളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ പൊതുവേദിയായ ഡയാസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഒരു വർഷം നീണ്ട വിപുലമായ പരിപാടികളാണ് ഖത്തറിലും ഇന്ത്യയിലും സംഘടിപ്പിച്ചത്.

‘ഡോം ഖത്തർ കിക്കോഫ് 2022’ എന്ന പേരിൽ നടപ്പാക്കിയ ഈ പദ്ധതിയുടെ സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് ഫിഫ ഖത്തർ ഓർഗനൈസിങ് കമ്മിറ്റിക്ക് സമർപ്പിച്ചിരുന്നു. പരിപാടികളുടെ പ്രഫഷനലിസവും വ്യാപ്തിയും വിലയിരുത്തിയ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കമ്മിറ്റിയിൽനിന്ന് ലഭിച്ച ഇരുന്നൂറിലധികം പ്രമോഷനൽ ഫുട്ബാളുകൾ കേരളത്തിലെ സ്കൂളുകൾ, കോളജുകൾ, എൻ.എസ്.എസ്., എൻ.സി.സി. യൂനിറ്റുകൾ, സ്പോർട്സ് ക്ലബ്ബുകൾ, മാധ്യമ പ്രവർത്തകർ, പ്രസ് ക്ലബ്ബുകൾ തുടങ്ങിയവർക്കായി സമ്മാനമായി വിതരണം ചെയ്യാൻ സാധിച്ചത് അഭിമാനകരമായ അനുഭവമായിരുന്നു. കാലിക്കറ്റ് സർവകലാശാലയുമായി സഹകരിച്ച് സർവകലാശാലാ കാമ്പസിൽ സംഘടിപ്പിച്ച വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റ്, വിവിധ കോളജ് ടീമുകളുടെ പങ്കാളിത്തം, ജി.എസ്. പ്രദീപ് നയിച്ച സ്പോർട്സ് ക്വിസ് എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടി. ക്വിസ് വിജയികൾക്ക് ഒരു ലക്ഷം, 75,000, 50,000 രൂപ വീതം കാഷ് അവാർഡുകളും നൽകി. 

ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം. വിജയൻ, കമാൽ വരദൂർ, പ്രശസ്ത കായിക കമന്റേറ്റർ ഷൈജു ദാമോദരൻ എന്നിവർ പങ്കെടുത്ത സ്പോർട്സ് സെമിനാറും വലിയ ശ്രദ്ധ നേടി. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി, വിശാലമായ എക്സിബിഷൻ, വിവിധ ബോധവത്കരണ പരിപാടികൾ എന്നിവ കേരള ഒളിമ്പിക് അസോസിയേഷൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ, നിരവധി സ്പോർട്സ് ക്ലബ്ബുകൾ എന്നിവയുടെ പിന്തുണയോടെയാണ് സംഘടിപ്പിച്ചത്. ഖത്തറിൽ സംഘടിപ്പിച്ച ഇന്റർ-സ്കൂൾ ഫുട്ബാൾ ടൂർണമെന്റും ഏറെ ശ്രദ്ധേയമായിരുന്നു. ഈ പ്രവർത്തനങ്ങളെക്കുറിച്ച് ഖത്തർ സാംസ്കാരിക വകുപ്പിന്റെ ഖത്താറ പ്രസിദ്ധീകരണത്തിൽ ആറു പേജുകളുള്ള പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായിരുന്നു. ഇതിലുപരി, കുടുംബാംഗങ്ങൾക്കടക്കം ഖത്തറിലെത്തി നേരിട്ട് ലോകകപ്പ് അനുഭവിക്കാൻ അവസരമൊരുക്കാൻ കഴിഞ്ഞതും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നു. എന്തുകൊണ്ടും, 2022-ലെ ഫിഫ ലോകകപ്പ് എനിക്ക് ഒരു ഫുട്ബാൾ മാമാങ്കം മാത്രമായിരുന്നില്ല. ഖത്തറിനോടുള്ള കടപ്പാട് പ്രകടിപ്പിക്കാനും, പ്രവാസി സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനും, അനേകം മനോഹരമായ ഓർമകൾ സൃഷ്ടിക്കാനുമുള്ള അസുലഭമായ അവസരമായിരുന്നു അത്. ആ ഓർമകൾ ഇന്നും മനസ്സിൽ മായാതെ നിലനിൽക്കുന്നു.

Tags:    
News Summary - The Qatar World Cup and Malappuram's football passion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.