ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച അനുശോചന പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ അനുശോചിച്ചു. 1995 മുതൽ 2013 വരെ ഖത്തറിന്റെ അമീറായി സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രകൃതി വാതക സമ്പത്ത് ദീർഘവീക്ഷണത്തോടെ വിനിയോഗിച്ച് ഖത്തറിനെ ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനശേഷിയുള്ളതുമായ രാഷ്ട്രങ്ങളിലൊന്നാക്കി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ചെറിയ ഭൂപ്രദേശവും ജനസംഖ്യയുമുള്ള ഖത്തറിനെ വികസനത്തിലും നയതന്ത്ര മികവിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമായിരുന്നു.
വിവിധ അന്താരാഷ്ട്ര വിഷയങ്ങളിൽ സമാധാന ശ്രമങ്ങൾക്കും മധ്യസ്ഥതയ്ക്കും അദ്ദേഹം നൽകിയ നേതൃത്വം ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടുവെന്നും അനുശോചനയോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നിര്യാണത്തിൽ ഖത്തർ ജനതയോടും, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, രാജകുടുംബാംഗങ്ങൾ, ഭരണാധികാരികൾ, ലോകമെമ്പാടുമുള്ള ഖത്തർ പ്രവാസികൾ എന്നിവരോടും കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
യോഗത്തിൽ ജനറൽ സെക്രട്ടറി അനിൽ കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മൻസൂർ അലി അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ചെയർമാൻ ഫൈസൽ മൂസ അനുശോചന സന്ദേശം കൈമാറി. കെ.കെ.വി. മുഹമ്മദ് അലി, എം.വി. മുസ്തഫ, ഷാജി പീവീസ്, സാജിദ് ബക്കർ, ആർ.എം.എസ്. ഷബീജ്, പി.എ. ഷഫീഖ്, ജാസിർ ആമീൻ, റഷീദ് കൂരോളി, നിസാർ കൊയിലാണ്ടി, സുനിൽ ഇബ്രാഹിം, ജുനൈദ് അമ്പട്ടേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.