ദോഹ: യു.എസിൽ ഖത്തർ എംബസിയുടെ പുതിയ കെട്ടിടം വാഷിങ്ടൺ ഡി.സിയിൽ ഖത്തർ അംബാസഡർ ശൈഖ് മിശ്അൽ ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. യു.എസ് അഡ്മിനിസ്ട്രേഷനിലെയും കോൺഗ്രസിലെയും അംഗങ്ങൾ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വ്യക്തിത്വങ്ങൾ, നയതന്ത്ര ഉപദേഷ്ടാക്കൾ, വിവിധ അറബ് -വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാഷിങ്ടൺ ഡി.സിയുടെ ഹൃദയഭാഗത്താണ് പുതിയ എംബസി കെട്ടിടം സ്ഥിതിചെയ്യുന്നത്. കാർണഗീ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സയൻസിന്റെ അഡ്മിനിസ്ട്രേറ്റിവ് കെട്ടിടത്തിലാണ് പ്രവർത്തിക്കുക.
പുതിയ എംബസി കെട്ടിടത്തിന്റെ ഉദ്ഘാടനം ഖത്തറും അമേരിക്കയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തുടർച്ചയാണെന്ന് അംബാസഡർ ശൈഖ് മിശ്അൽ ബിൻ ഹമദ് ആൽഥാനി പറഞ്ഞു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ തുടർച്ചയാണിത്.
രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. പുതിയ എംബസി കെട്ടിടം പരസ്പര ധാരണയും ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എൻ ചാർട്ടർ, അന്താരാഷ്ട്ര നിയമം, പരമാധികാരം എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സഹകരണത്തിലൂടെ സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതിനും മേഖലയിലെ ജനങ്ങൾക്ക് സമൃദ്ധിയും ക്ഷേമവും കൈവരിക്കുന്നതിനും ഖത്തറും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം പറഞ്ഞു. ഖത്തർ ഫൗണ്ടേഷൻ, ഖത്തർ പ്രതിരോധ മന്ത്രാലയം, ഖത്തർ എയർവേസ്, ഫോർമുല വൺ എന്നിവയുമായി സഹകരിച്ചാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.