കെ.കെ. മുഹമ്മദ് സാഹിബ്
ദോഹ: അറിയപ്പെടുന്ന പത്രപ്രവർത്തകൻ, മികച്ച സാമൂഹിക പ്രവർത്തകൻ, കറപുറളാത്ത രാഷ്ട്രീയ പ്രവർത്തകൻ, ശ്രദ്ധേയനായ ജീവകാരുണ്യ പ്രവർത്തകൻ, വിദ്യാഭ്യാസ -സാമൂഹ്യ - സാംസ്കാരിക - രംഗത്തെ സജീവ സാന്നിധ്യം എന്നി നിലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ‘കെ.കെ’ എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട കെ.കെ. മുഹമ്മദ് സാഹിബ്.
സ്നേഹ നിർഭരമായ പെരുമാറ്റം കൊണ്ടും വശ്യമായ ഇടപെടൽ കൊണ്ടും ഏവർക്കും ആദരണീയനായ കെ.കെ യുടെ വിയോഗം തീരാനഷ്ടമാണ്. നാനജാതി മതസ്ഥർ ബഹുമാനിച്ചിരുന്ന കെ.കെ എന്ന ബഹു മുഖപ്രതിഭ ഇനി ഓർമകളായി മറയുകയാണ്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായും മുസ്ലിം ലീഗ് നേതാവായും വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായി അര നൂറ്റാണ്ടിലേറെ കാലം നിറഞ്ഞു നിന്ന കെ.കെ. മുഹമ്മദ് വ്യാഴാഴ്ച പുലര്‍ച്ചെ 4.50 നാണു ജീവിതത്തിൽനിന്ന് മടങ്ങിയത്.
ചന്ദ്രിക മുന്‍ റസിഡന്റ് എഡിറ്ററും ലീഗ് ടൈംസ് മുന്‍ പത്രാധിപരുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ വിശ്വസ്തനും ശിഷ്യനുമായിരുന്ന പരേതൻ യൂത്ത് ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു.
1936 ജൂണ്‍ 20-ന് മാഹി പെരിങ്ങാടിയില്‍ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെ വിടെ ബീവിയുടെയും മകനായാണ് ജനനം. ന്യൂ മാഹി മയ്യലവിയ്യ മദ്റസ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും മടപ്പള്ളി കോളജില്‍ നിന്ന് ബി.എസ്.സി ബിരുദവും നേടി. വിദ്യാർഥിയായിരിക്കെ തന്നെ എം.എസ്.എഫ് വഴി രാഷ്ട്രീയത്തിലേക്കു കടന്നു. മടപ്പള്ളി കോളജ് എം.എസ്.എഫ് സെക്രട്ടറിയായും, പെരിങ്ങാടിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായും പദവി വഹിച്ചു രാഷ്ട്രീയത്തിലേക്കു കാലെടുത്തു വെച്ചു. അക്കാലത്തുതന്നെ ചന്ദ്രികയുടെ മാഹി പ്രാദേശിക ലേഖകനായും പ്രവർത്തിച്ചു.
ബിരുദപഠനത്തിനു ശേഷം സഹോദരീ ഭര്‍ത്താവിനോടൊപ്പം വ്യാപാരവുമായി ബന്ധപ്പെട്ടു പാലക്കാട്ടെത്തിയ കെ.കെ അവിടെയും പൊതുരംഗത്തു സജീവമായി. പാലക്കാട് ചന്ദ്രിക ജില്ലാ ലേഖകന്‍, അവിഭക്ത മുസ്ലിം ലീഗ് പാലക്കാട് ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെയും സി.കെ.പി. ചെറിയ മമ്മുക്കേയി സാഹിബിന്റെയും നിർദേശപ്രകാരം ബിസിനസ് ഉപേക്ഷിച്ചു കോഴിക്കോട്ടേക്കു പ്രവര്‍ത്തനമേഖല മാറ്റി.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും ചന്ദ്രിക കോഴിക്കോട് ന്യൂസ് ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. 1968ല്‍ യൂത്ത് ലീഗിന്റെ സംസ്ഥാന നേതൃത്വത്തിലേക്കും പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്കും എത്തി. 1975ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ ലീഗിലേക്കു പോയ കെ.കെ. പിന്നീടു അഖിലേന്ത്യ ലീഗിന്റെ മുഖപത്രമായിരുന്ന ‘ലീഗ് ടൈംസി’ന്റെ പത്രാധിപരുമായി.
1985ല്‍ ലീഗ് ലയനത്തിനു ശേഷം ചന്ദ്രികയില്‍ അസോസിയേറ്റ് എഡിറ്ററായി തിരിച്ചെത്തി. ചന്ദ്രിക എറണാകുളം എഡിഷന് സ്ഥാപക റസിഡന്റ് എഡിറ്ററായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്. കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ്, പത്രപ്രവര്‍ത്തക യൂനിയന്‍ ദേശീയ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തനത്തിനൊപ്പം വിദ്യാഭ്യാസ-ജീവകാരുണ്യ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തിരൂര്‍, കോഴിക്കോട് സൗത്ത്, പെരിങ്ങളം എന്നിവിടങ്ങളില്‍ നിന്ന് കേരള നിയമസഭയിലേക്കു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയ സാഹിബിനെതിരെ അഖിലേന്ത്യാ ലീഗ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
മത്തിപ്പറമ്പ് ഹിദായത്തുല്‍ അനാം ജുമാ മസ്ജിദിന്റെ പ്രസിഡന്റ്, ഫെഡറേഷന് ഓഫ് മുസ്ലിം ഓര്‍ഫനേജ് കോളജസ്, പെരിങ്ങത്തൂര്‍ ദര്‍സ് യതീംഖാന, കണ്ണൂര്‍ അസോസിയേഷന് ഓഫ് ഓര്‍ഫനേജസ് ആൻഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ മൈനോറിറ്റി എജുക്കേഷനല്‍ അസോസിയേഷന് എന്നിവയുടെ പ്രസിഡന്റായിരുന്നു. എന്‍.എ.എം. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് കല്ലിക്കണ്ടി, പെരിങ്ങത്തൂര്‍ ബി.എഡ് കോളജ്, ടി.ടി.ഐ എന്നിവയുടെ മാനേജര്‍, എസ്.എം.എഫ്. കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി, തലശ്ശേരി രാജീവ് ഗാന്ധി കോ-ഓപറേറ്റിവ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും ഖത്തറിലെ സഫാരി ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനുമായ സൈനുല്‍ ആബിദിന്റെ സഹോദരി സൈനബ ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: നിസാര്‍ മുഹമ്മദ് (ഗ്രാമത്തി), ജാഫര്‍ഖാന്‍ മുഹമ്മദ് (ചൊക്ലി), സറീന (വടകര), അബ്ദുല്‍ അസീസ് (മത്തിപ്പറമ്പ്), ഫൈസല്‍ മുഹമ്മദ് (ചെമ്പാട്), ജസീല (പെരിങ്ങാടി), സാജിദ (കതിരൂര്‍), ഷഫീന (കൈവേലിക്കല്‍), സഫൂറ (കൈനാട്ടി, വടകര), സുഫൈറ, സുമയ്യ (കൂരാറ).
മരുമക്കള്‍: അസ്മ നിസാര്‍, സീനത്ത് ജാഫര്‍, മുഹമ്മദ് ശാഫി, നദീറ അസീസ്, റജ്ന ഫൈസല്‍, നൗഷാദ്, മുഹമ്മദ് റഫീഖ്, ഹാരിസ്, ജാബിര്‍, ഷാനവാസ്, അബ്ദുല്‍ മജീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.