ഹൈപർമാർക്കറ്റിലെ വിഷു വിപണി
ദോഹ: റമദാനിലെ പവിത്രതയേറിയ നാളുകൾക്കിടയിൽ മേട മാസപ്പിറവിയുടെ ആഘോഷമായി വിഷുവിനെയും വരവേൽക്കാനൊരുങ്ങി പ്രവാസലോകം.
കണിക്കൊന്ന പൂത്തുലയുന്ന ഗൃഹാതുര സ്മരണകളുമായി ശനിയാഴ്ചയാണ് വിഷുവിനെ വരവേൽക്കുന്നത്. സംഘടനകളുടെയും കൂട്ടായ്മകളുടെയും സജീവമായ നോമ്പുതുറകൾക്കിടയിൽ വിഷുവും കഴിഞ്ഞയാഴ്ചയിലെ ഇസ്റ്ററും എല്ലാമായതോടെ പ്രവാസമണ്ണിൽ ബഹുമതാഘോഷങ്ങളുടെ നാളുകൾ.
വിഷു, പെരുന്നാൾ തിരക്കുമായി ഖത്തറിലെ മാളുകളും ഹൈപ്പർമാർക്കറ്റുകളുമെല്ലാം തിരക്കിലാണിപ്പോൾ. നാട്ടിലെ വിഷു ആഘോഷം ശനിയാഴ്ചയാണെങ്കിലും വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചതന്നെ പ്രവാസി മലയാളികൾ വിഷു ആഘോഷപ്പൊലിമയിലെത്തിക്കഴിഞ്ഞു.
വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഈസ്റ്റർ, വിഷു ആഘോഷങ്ങളെ കൂടി ഉൾക്കൊള്ളിച്ച് ഇഫ്താർ സംഗമങ്ങൾ നടത്തുന്നത്.
കണി വിഭവങ്ങളും സദ്യക്കൂട്ടുകളും കണിക്കൊന്നയും ഉൾപ്പെടെയുള്ള വിഷു സ്പെഷലുമായി വിപണിയും സജീവമായി. പ്രധാന ഹൈപർമാർക്കറ്റുകളായ ലുലു, സഫാരി, ഗ്രാൻഡ് ഉൾപ്പെടെയുള്ള ഷോപ്പുകൾ വിഷു സ്പെഷൽ വിപണിയും ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ, കൂടുതൽ വിഭവങ്ങൾ വാഗ്ദാനം ചെയ്ത് സദ്യകളുമായി ഹോട്ടലുകളും രംഗത്തുണ്ട്.
22 ഇനം വിഭവങ്ങളുമായി ഗംഭീര വിഷു സദ്യയാണ് ലുലു ഹൈപർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പാലടപ്പായസം മുതൽ അവിയലും തോരനും കൂട്ടുകറിയും ഉൾപ്പെടെ 29.50 റിയാലാണ് വില. ഹോട്ടലുകളിൽ 38 റിയാൽവരെ വിഷുസദ്യക്ക് ഈടാക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രിവരെയുള്ള മുൻകൂർ ബുക്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിഷു ദിനത്തിൽ സദ്യ വിതരണം ചെയ്യുന്നത്.
സഫാരി ഹൈപ്പർമാർക്കറ്റിൽ 25 വിഭവങ്ങളുമായി വിഷുസദ്യ 32 റിയാലിന് ലഭ്യമാണ്.
ഇതും ബുക്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. മലയാളി സമൂഹത്തിൽനിന്ന് മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
കണിക്കൊന്നപ്പൂവ്, വെള്ളരിയും ചക്കയും തേങ്ങയും ഉൾപ്പെടെ വിഷുക്കണി കിറ്റുകൾ, പച്ചക്കറി കിറ്റുകൾ എന്നിവയും വിഷു വിപണിയുടെ ഭാഗമായി ഹൈപ്പർമാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. കസവ് മുണ്ടുകൾ, സാരി, കുർത്ത തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങളുടെയും വിപണി വിഷുവിന് മുന്നോടിയായി സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.