ലോകകപ്പ് ഫുട്ബാളിൽ സ്വിറ്റ്സർലൻഡിനെതിരെ ഇൻജുറി ടൈമിൽ സമനില ഗോൾ നേടിയ ഖത്തർ താരങ്ങളുടെ ആഹ്ലാദം

അന്നാബി അർമാദം...

ദോഹ: ലോകകപ്പ് ഫുട്ബാളിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെതിരെ ജയത്തോളം പോന്ന സമനില പിടിച്ചുവാങ്ങിയതിന്റെ ആഹ്ലാദം ഖത്തറിലെങ്ങും ആരവമുയർത്തി. ഖത്തറിന് ഇന്നലെ ഉറങ്ങാത്ത രാവായിരുന്നു. സ്റ്റേഡിയത്തിൽ അലയടിച്ച മെറൂൺ തിരമാല രാജ്യമാകെ അലയടിച്ചു. ഫാൻസ് സോണുകളിലും തെരുവുകളിലും യുവാക്കൾ ആഹ്ലാദാരവം മുഴക്കി.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി അന്നാബികൾ ഒരു​ പോയന്റ് നേടിയിരിക്കുന്നു. ലോകറാങ്കിങ്ങിൽ 19ാം സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡിനെതിരെ അമ്പതാം റാങ്കുകാരായ അന്നാബികൾ വീറുറ്റ പോരാട്ടമാണ് കാഴ്ചവെച്ചത്. ശക്തരായ സ്വിറ്റ്സർലൻഡിനെതിരായ സമനില അടുത്ത കളികളിൽ കാനഡക്കും ബോസ്നിയക്കുമെതിരെ നല്ല പ്രകടനം നടത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറാമെന്ന ആത്മവിശ്വാസമാണ് ഖത്തറിന് നൽകുന്നത്. കാനഡയും ബോസ്നിയയും ആദ്യ കളിയിൽ ഓരോ ഗോൾ നേടി സമനില പാലിച്ചത് ഖത്തറിന്റെ സാധ്യത കൂടുതൽ തുറന്നിടുന്നു.

മുൻനിര ടീമുകളിലൊന്നായ സ്വിറ്റ്സർലൻഡിനെതിരെ ഒരു ഗോളിന് തോറ്റാൽ പോലും അഭിമാനിക്കാവുന്ന പോരാട്ടവീര്യമാണ് ഖത്തർ കാഴ്ചവെച്ചത്. അപ്പോഴാണ് ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ബൂആലിം ഖൂഖിയുടെ തകർപ്പൻ ഹെഡർ ഗോളി​ലൂടെ നേടിയ സമനില.

വിജയ ഗോൾ നേടിയ ബൂആലിം ഖൂഖിയെ പോലെ തന്നെ തകർപ്പൻ സേവുകളിലൂടെ ടീമിന്റെ രക്ഷകനായ മഹ്മൂദ് അബൂനദയും വീരോചിതമായ സ്വീകരണമേറ്റുവാങ്ങാനാണ് ഖത്തറിൽ തിരികെയെത്തുക. ഖത്തറിലെ മലയാളി പ്രവാസികൾ തഹ്സിൻ മുഹമ്മദിന്റെ ലോകകപ്പിലെ അരങ്ങേറ്റത്തിനായി കാത്തിരുന്നെങ്കിലും നിരാശരാകേണ്ടിവന്നു. അടുത്ത കളികളിൽ പ്ലെയിൻ ഇലവനിൽ തഹ്സി​നെ കാണാനുള്ള കാത്തിരിപ്പിലാണവർ. കഴിഞ്ഞ ലോകകപ്പ് ഗംഭീരമായി നടത്തി അഭിമാനമുയർത്തിയെങ്കിലും കളത്തിൽ ടീമിന് മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല.

മൂന്ന് കളിയും തോറ്റ് ഒരു പോയന്റ് പോലും നേടാൻ കഴിയാതിരുന്ന അവസ്ഥയിൽനിന്ന് ഖത്തർ ഒരുപാട് മുന്നേറിയെന്ന് കളി കണ്ടാൽ അറിയാം. കഴിഞ്ഞ നാല് വർഷവും ടീം ഇതിനായുള്ള കഠിന പ്രയത്നത്തിലായിരുന്നു. വ്യവസ്ഥാപിതമായി ടീമിനെ കെട്ടിപ്പടുക്കുന്നതിൽ വിജയിച്ച അധികൃതർക്കും അഭിമാനിക്കാം. വരും നാളുകളിൽ ഖത്തർ ഫുട്ബാൾ ഭൂമികയിൽ ശ്രദ്ധേയമായ ഇരിപ്പിടം സ്വന്തമാക്കിയിരിക്കും എന്നതിൽ സംശയമില്ല.

Tags:    
News Summary - Annabi Armadam...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.