ഫുട്ബാൾ ഡയറി - ഇനി വരുമോ അങ്ങനെയൊരു കാലം വീണ്ടും...

ജീവിതത്തിലെ ഏറ്റവും സുവർണ കാലഘട്ടം ഏതെന്ന ചോദ്യത്തിന് 2022 നവംബർ - ഡിസംബർ കാലഘട്ടം എന്ന ഒറ്റ ഉത്തരമേ ഉള്ളൂ. ചെറുപ്പം മുതലേ ലോകകപ്പ് ഉൾപ്പെടെയുള്ള ഫുട്ബാൾ മത്സരങ്ങൾ ടി.വിയിൽ ഇടക്കൊക്കെ കാണാറുണ്ടെങ്കിലും, ജീവിതത്തിൽ ഒരിക്കൽപോലും നേരിട്ട് ഒരു ലോകകപ്പ് കളി കാണാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല.

2021ൽ ജോലി തേടി ഖത്തറിൽ എത്തിയതും വിവിധ പരിപാടികളിൽ വളണ്ടിയർ സേവനം അനുഷ്ഠിച്ചതിലൂടെ ലോകകപ്പിന്റെ ഫിഫ വളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെട്ടതുമെല്ലാം ഒരു നിമിത്തമായിരുന്നു. 974 സ്റ്റേഡിയത്തിൽ സ്പെക്ടടർ സർവിസ് ടീം ലീഡറായിട്ടായിരുന്നു വളണ്ടിയർ സേവനം അനുഷ്ഠിച്ചത്. അതിലൂടെ തന്നെ നിരവധി കളികൾ മുഴുവനായല്ലെങ്കിലും നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചു.

ഏതാണ്ട് എല്ലാ പ്രമുഖ ടീമുകളുടെയും കളികൾ ആ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനുഭവസമ്പന്നരായ ഫിഫ സ്റ്റാഫിന്റെയും വളണ്ടിയർമാരുടെയും കൂടെയുള്ള സേവനം വ്യത്യസ്ത അനുഭവമായിരുന്നു. വലിയൊരു സൗഹൃദ വലയം തന്നെ അതിലൂടെ രൂപപ്പെട്ടിട്ടുണ്ട്.

ഒരുമാസം ശരിക്കും ഒരു ഉത്സവകാലം തന്നെയായിരുന്നു. ജോലി സമ്മർദ്ദങ്ങൾ എല്ലാം മാറ്റിനിർത്തി എല്ലാവരും ഉത്സാഹത്തോടെ അർമാദിക്കുന്ന കാഴ്ചകളായിരുന്നു എല്ലായിടത്തും. സ്റ്റേഡിയത്തിൽ മാത്രം ഒതുങ്ങാതെ മെട്രോകൾ, സൂഖ്കൾ , മാളുകൾ, ഫാൻസോണുകൾ തുടങ്ങി ആളുകൾ കൂടുന്ന എല്ലായിടത്തും ഫുട്ബാൾ ആവേശം അലതല്ലി. പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ഫുട്ബാളിനെ ആഘോഷിച്ച നാളുകളായിരുന്നു അത്. രാജ്യങ്ങളുടെ അതിർവരമ്പുകളില്ലാതെ മനുഷ്യർ പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെച്ച ആ കാഴ്ചകൾ ഇന്നും കൺമുന്നിലുണ്ട്.

ലോകകപ്പ് അനുഭവിച്ചവർക്ക് അതിനെ ഓർത്തെടുക്കാൻ "മെട്രോ ദിസ്‌വേ", "വേർ ഈസ് മെസ്സി" ഈ രണ്ട് ഇംഗ്ലീഷ് വാചകങ്ങൾ തന്നെ ധാരാളം. ടിക്കറ്റ് വിൽപ്പനയുടെ ആദ്യഘട്ടത്തിൽ തന്നെ നിരവധി ടിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചതിലൂടെ വിവിധ മാച്ചുകൾ കാണാനുള്ള സൗഭാഗ്യവും ലഭിച്ചു. ഫുട്ബാൾ മിശിഹാ ലയണൽ മെസ്സി ലോകകപ്പ് കിരീടം, ആകാശത്തേക്ക് ഉയർത്തുന്നത് നേരിട്ട് കാണാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. കട്ട അർജന്റീന ആരാധകനായ ബോ.ചെയുടെ കൂടെയായിരുന്നു ആ മത്സരം ആസ്വദിച്ചത്. ആ നിമിഷത്തിൽ സ്റ്റേഡിയത്തിലുണ്ടായ ആർപ്പുവിളികളും, കണ്ണീരും, കൈയടികളും ഒക്കെ ഇന്നും എന്റെ ഉള്ളിൽ അലയടിക്കുന്നുണ്ട്. ഒടുവിൽ ആ മാസം അവസാനിച്ചപ്പോൾ, ഒരു വലിയ സ്വപ്നത്തിൽ നിന്ന് ഉണർന്നതുപോലെയുള്ള അവസ്ഥയായിരുന്നു. ഒരാഴ്ചയുടെ ദൈർഘ്യം മാത്രമായി അത് അനുഭവിക്കാൻ സാധിച്ചുള്ളൂ. ആ ആവേശവും, സൗഹൃദങ്ങളും, ഊർജ്ജസ്വലമായ അന്തരീക്ഷവും ഇനി എപ്പോഴെങ്കിലും മടങ്ങിവരുമോ? എന്തുതന്നെയാണെങ്കിലും, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഏടുകളിൽ ഒന്നായി 2022-ലെ ആ ഖത്തർ ലോകകപ്പ് എക്കാലവും നിലനിൽക്കും.

Tags:    
News Summary - Football Diary - Will such a time come again..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.