ഖത്തർ ലോകകപ്പിനിടെ ബ്രസീൽ ഫാൻസിന്റെ മീറ്റപ്പ്
കേരളത്തിൽ നാട്ടിൽ പ്രദേശത്ത് ജനിച്ചുവളർന്ന സാധാരണക്കാരായ ആളുകൾക്ക് ഫുട്ബോൾ നേരിട്ട് കാണാൻ സാധിക്കുക എന്നത് ഒരു സ്വപ്നം മാത്രമായിരിക്കും. എന്നാൽ, 2022 ലോകക്കപ്പ് പലർക്കും ആ സ്വപ്നം യാഥാർഥ്യമാക്കി. കുടുംബം പോറ്റാൻ ഖത്തറിൽ ജോലിക്ക് വന്നവർ ലോകകപ്പ് പോലൊരു മഹാമേളയും പിന്നാമ്പുറങ്ങളിലും മുന്നിലും നിന്നും നയിക്കാനും നേരിട്ട് ഇതിഹാസ താരങ്ങളെ നേരിട്ട് കാണാനും ഭാഗ്യം ലഭിച്ചു. ഞാൻ ഖത്തറിൽ എത്തിയത് 2014ലാണ്. ലോകക്കപ്പിനായി ഒരുങ്ങുന്ന ഖത്തറിന്റെ വളർച്ച മുഴുവൻ കാണാൻ കഴിഞ്ഞു. ‘ഖത്തർ മഞ്ഞപ്പട’ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഫാൻസ് ഗ്രൂപ്പായി തുടങ്ങിയതാണെങ്കിലും ഖത്തറിലെ ഫുട്ബാൾ സ്പന്ദനം മുഴുവൻ നെഞ്ചിലേറ്റിയതിന്റെ ഫലമായിരുന്നു ഖത്തറിലെ ഫുട്ബാൾ കളികളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഞങ്ങളെ ഉൾകൊള്ളിക്കാൻ ഇവിടുത്തെ സംഘാടകർ തയാറായത്.
ക്ലബ് ലോകക്കപ്പ്, ലോകക്കപ്പ് സ്റ്റേഡിയങ്ങളും ഉദ്ഘാടനമത്സരങ്ങൾ, ലോകക്കപ്പ് പബ്ലിസിറ്റികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ക്യൂ.എസ്.എൽ പ്രമോഷൻസ്, ലോകകപ്പ് കൗണ്ട്ഡൗൺ അങ്ങനെ അങ്ങനെ ലോകക്കപ്പിന്റെ ഓരോ വേദികളിലും ഫാൻസ് സോണുകളിലും അവസാനം ലോകകപ്പുയർത്തിയ മെസിയും കൂട്ടരും നടത്തിയ വിക്ടറി പരേഡിൽ വരെ എത്തി. ലോകകപ്പ് സമയമായപ്പോൾ ഇത്രയും കാലം ലോകകപ്പ് നടന്നതിൽ നിന്നും വ്യത്യസ്തമായ ഫാൻസ് മീറ്റപ്പുകൾ കണ്ട് ഇവിടുത്തെ അധികാരികൾ തന്നെ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രശംസിച്ച് മുന്നോട്ട് വന്നത് നമ്മൾ കണ്ടതാണ്. നമ്മൾ മലയാളികളുടെ നേതൃത്വത്തിൽ മത്സരമായിരുന്നു എന്ന് തന്നെ പറയാം. ബ്രസീൽ ഫാൻസും അർജന്റീന ഫാൻസും മുന്നേറിയപ്പോൾ ഇംഗ്ലണ്ട്, സ്പെയിൻ, പോർചുകൾ, ബെൽജിയം ഫാൻസുകാരും കട്ടക്ക് പിടിച്ചു. എല്ലാവരുടെയും പിന്തുണ ഏറ്റുവാങ്ങി ഖത്തർ ടീമും. ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിച്ച വ്യത്യസ്തമായ പരിപാടികൾ അനേകം.
അതിൽ എടുത്തുപറയേണ്ടത് നമ്മൾ കൂടെ ഭാഗമായ ഡോം ഖത്തർ സംഘടിപ്പിച്ച ‘കിക്കോഫ്-2022’ തന്നെയായിരുന്നു. കോർണിഷിൽ മെസ്സിയുടെ ജന്മദിനത്തിൽ അർജന്റീനൻ ആരാധകർക്കൊപ്പം ബ്രസീൽ ജേഴ്സിയിൽ തന്നെ ഞാൻ പങ്കെടുത്തു. പിന്നീടങ്ങോട്ട് എന്നും ആഘോഷത്തിന്റെ ദിനരാത്രങ്ങൾ ആയിരുന്നു ഞങ്ങൾക്ക്. സാക്ഷാൽ മാർസലോ ബ്രസീൽ ഫാൻസ് ഖത്തറിന്റെ ലോഗോ പ്രകാശനം ചെയ്തു. പരിപാടികളിൽ ബ്രസീൽ ഫാൻസ് മുൻപന്തിയിലായിരുന്നു. ബ്രസീൽ ഫാൻസ് ഖത്തറിന്റെ പ്രാഥമിക മീറ്റിങ് അന്നത്തെ മിഡ്മാക്കിലെ അൻസാർ ടിയിൽ നടന്നു. പിന്നീട് ഞങ്ങളെ പിന്തുടരാൻ ആണ് പലരും ശ്രമിച്ചത്. ലോകക്കപ്പിന്റെ ആ മാസം ഉത്സവപ്രതീതി ആയിരുന്നു ഖത്തറിൽ എങ്ങും.
സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വരെ കളി കഴിഞ്ഞു ജോലി എന്നായിരുന്നു. എല്ലാത്തിനും ഇളവുകൾ. ദോഹയിലെ എല്ലായിടത്തും ആഘോഷരാവുകൾ. നാട്ടിൽ നിന്നും ലോകക്കപ്പ് കാണാൻ സാധാരണക്കാരും സെലബ്രിറ്റികളും വന്നു. എല്ലാം ഒരുപോലെ ആഘോഷം. കുട്ടിക്കാലത്ത് ഇഷ്ടപ്പെട്ടിരുന്ന കളിക്കാർ ഉൾപ്പെടെ ഒത്തിരി പേരെ നേരിട്ട് സംവദിക്കാൻ സാധിച്ചു എന്നതാണ് ഏറെ ആനന്ദകരം. ഒരു ലോകക്കപ്പ് മത്സരം കാണാൻ സ്വപ്നം കണ്ടു നടന്ന നമ്മളെല്ലാം ഏഴും എട്ടും കളികൾ കണ്ടു. വോളന്റീയറിന്റെ ഭാഗമായി മിക്ക മത്സരങ്ങളും കണ്ടവർ വേറെയും. ഓരോ മത്സരവും നടക്കുന്ന സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ ഉത്സവപ്പറമ്പ് പോലെയാക്കിയ ഖത്തർ മഞ്ഞപ്പടയും വിവിധ പരിപാടികളും.
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ട്രാവലിങ് ഫാൻസ് ആയ ഖത്തർ ലോകക്കപ്പ് അനുഭവിച്ചവർ എല്ലാം പറഞ്ഞത് ഇത്പോലൊരു ലോകകപ്പ് സംഘടനം ഇത് വരെ നടന്നിട്ടില്ല, നടക്കാനും പോകുന്നില്ല എന്നാണ്. കളിക്ക് വന്നവർക്കും കളി കാണാൻ വന്നവർക്കും ഒരൊറ്റ ഹോട്ടൽ ബുക്കിങ് മതി. 100 കിലോമീറ്റർ ചുറ്റളവിൽ എട്ട് സ്റ്റേഡിയങ്ങൾ, എല്ലായിടത്തേക്കും എല്ലാവർക്കും സൗജന്യ യാത്രകൾ അങ്ങനെ അങ്ങനെ…ലോകക്കപ്പിന്റെ സകല മനോഹാരിതയും ആസ്വദിച്ചവർ നമ്മൾ മാത്രമാകും: ഇത് വരെയും; ഇനിയങ്ങോട്ടും. നന്ദി ഖത്തർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.