ഫിഫ അറബ് കപ്പ് ട്രോഫി ടൂർ അൽ യർമൂക് ഇൻഡിപെൻഡൻറ് സ്കൂളിലെത്തിയപ്പോൾ
ദോഹ: മൈതാനത്തെ 90 മിനിറ്റുകൾ മാത്രമായിരിക്കില്ല, ഫിഫ അറബ് കപ്പിൻെറ കളിയാവേശം. നവംബർ 30ന് കിക്കോഫ് കുറിച്ച് ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന ഫുട്ബാൾ മേളയുടെ മുഴുവൻ ആരവും ഖത്തറിൻെറ എല്ലാ കോണിലുമെത്തിക്കാൻ വിപുലമായ പദ്ധതികൾ ഒരുക്കി സംഘടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി. അഞ്ച് സ്റ്റേഡിയങ്ങളുടെ പുറത്ത് മത്സരങ്ങൾക്ക് മുമ്പും ശേഷവുമായി വിവിധ കലാസാംസ്കാരി പരിപാടികളാണ് ആസൂത്രണം ചെയ്തത്.
അൽബെയ്ത്, അഹമ്മദ് ബിൻ അലി, അൽ ജനൂബ്, അൽ തുമാമ, സ്റ്റേഡിയം 974 എന്നീ വേദികളിലും പരിസരത്തും മത്സങ്ങളുടെ ഭാഗമായി സംഗീതം, നൃത്തം, ഫോക് ഡാൻസ് ഉൾപ്പെടെ വിവി കമ്യൂണിറ്റി പരിപാടികൾ അരങ്ങേറും.
ഖത്തർ, ഈജിപ്ത്, ലെബനാൻ, ഫലസ്തീൻ, മൊറോക്കോ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുക. സ്റ്റേഡിയങ്ങളോട് ചേർന്നുള്ള മെട്രോ, ബസ്റ്റേഷനുകൾ എന്നിവ കേന്ദ്രമായി മാറും. ടൂർണമെൻറ് നാളിൽ 60 സ്ഥലങ്ങളിലായി 200ഓളം പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മത്സര വേദികൾക്ക് പുറമെ, ദോഹ കോർണിഷ് ആഘോഷങ്ങളുടെ കേന്ദ്ര സ്ഥലമായി മാറും. സുപ്രീം കമ്മിറ്റി, ഖത്തർ ടൂറിസം, സാംസ്കാരിക മന്ത്രാലയം, കതാറ എന്നിവരുടെ നേതൃത്വത്തിലാണ് കോർണിഷിലെ പരിപാടികൾ.
മൂന്ന് മിനി സ്റ്റേജുകൾ ഒരുക്കിയിട്ടുണ്ട്. ടൂർണമെൻറിൽ മത്സരിക്കുന്ന ടീമുകളുടെ ഖത്തറിലെ പ്രദേശിക കമ്യൂണിറ്റി കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അരങ്ങേറും. പ്രവൃത്തി ദിനങ്ങളിൽ വൈകുന്നേരം ആറ് മുതൽരാത്രി 10 വരെയും, അവധി ദിനങ്ങളിൽ വൈകുന്നേരം അഞ്ച് മുതൽ അർധരാത്രി 12 വരെയുമായി ഡിസംബർ മൂന്ന് വരെ കോർണിഷിൽ പരിപാടികൾ സജീവമാവും. വെള്ളിയാഴ്ച ആരംഭിച്ച രാജ്യന്തര ഭക്ഷ്യമേളയുടെ വേദി കൂടിയാണ് കോർണിഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.