`അന്നാബികൾ' ഇറങ്ങുന്നത് പൊരുതി ജയിച്ച കരുത്തിൽ; തഹ്സിന്റെ കളി കാത്ത് കേരളീയർ

ദോഹ: 2022ൽ ആതിഥേയരായി ലോകകപ്പിൽ കന്നിക്കാരായി കളത്തിലെത്തിയ ഖത്തറല്ല ഇത്. ഇത്തവണ കാൽപന്തിന്റെ മഹാമേളക്ക് എത്തുന്നത് പൊരുതി ജയിച്ച് യോഗ്യത തെളിയിച്ചാണ്. തുടർച്ചയായ രണ്ടാം ലോകകപ്പിന് ബൂട്ടുകെട്ടുന്ന അന്നാബികൾക്ക് കരുത്തരുടെ ഗ്രൂപ്പിൽ കാത്തിരിക്കുന്നതാകട്ടെ കടുപ്പമേറിയ മത്സരങ്ങളും. ഗ്രൂപ് ബിയിൽ യൂറോപ്യൻ ശക്തരായ സ്വിറ്റ്സർലൻഡിന് എതിരെ ഖത്തർ ഇന്ന് തങ്ങളുടെ ആദ്യ അങ്കത്തിനിറങ്ങുമ്പോൾ മലയാളികളായ ഫുട്ബാൾ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. പതിറ്റാണ്ടുകളുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായൊരു മലയാളി താരം ബൂട്ടുകെട്ടുന്നത് കൺകുളിർക്കെ കാണാൻ കാത്തിരിക്കുന്ന കേരളക്കരയുടെ പ്രാർഥനകളും അന്നാബികളുടെ കൂടെയുണ്ടാവും. സാൻ ഫ്രാൻസിസ്കോയിലെ ലീവൈസ് സ്റ്റേഡിയത്തിൽ ദോഹ സമയം രാത്രി 10 നാണ് കിക്കോഫ്.

 

 

അയർലൻഡിനും എൽ സാൽവദോറിനുമെതിരെ സന്നാഹ മൽസരങ്ങൾ പൂർത്തിയാക്കിയാണ് ലോകകപ്പിലെ ആദ്യ അങ്കത്തിനായി ഖത്തർ എത്തുന്നത്. ഐറിഷ് പടയോട് തോൽവിയും എൽ സാൽവഡോറിനെതിരെ സമനിലയുമായിരുന്നു ഫലം. രണ്ട് മത്സരങ്ങളിലും മലയാളി താരം തഹ്സിനെ പരീക്ഷിച്ച പരിശീലകൻ ഹുലൻ ലോപ്റ്റെഗി സ്വിസ് ടീമിന് എതിരെയും താരത്തിന് അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എതിരാളികൾ കരുത്തരായത് കണക്കാക്കുന്നില്ലെന്നും മികച്ച മുന്നേറ്റം നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ലോപ്റ്റെഗി ക്യു.എഫ്.എക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വളരെ ശക്തരായ ഒരു ടീമിനെതിരെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ടീം പൂർണ സജ്ജമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അക്രം അഫീഫ് നയിക്കുന്ന ഖത്തർ നിരയിൽ അൽമുയിസ് അലി, എഡ്മിൽസൺ ജൂനിയർ, പെഡ്രോ മിഗ്വെൽ, മുഹമ്മദ് മുൻതാരി എന്നിവർ മികച്ച പ്രകടനം കാഴ്ചവെക്കാൻ കെൽപ്പുള്ളവരാണ്. മുൻ ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസിൻ്റെ സാന്നിധ്യവും ടീമിന് കൂടുതൽ കരുത്ത് പകരും.

മലയാളി താരം തഹ്സിനെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വശങ്ങളിലൂടെയുള്ള ആക്രമണ ശൈലി പിന്തുടരുന്ന ലോപ്റ്റെഗിക്ക് അവസാന മിനിറ്റുകളിലെ മുന്നേറ്റ തന്ത്രങ്ങൾക്ക് തഹ്സിനെ പോലെ വേഗമുള്ള കളിക്കാരെ കളത്തിലിറക്കേണ്ടി വരും. എതിരാളികൾ ശക്തരായതിനാൽ വിട്ടുകൊടുക്കാതെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. അതേസമയം, യോഗ്യത മത്സരങ്ങളിൽ വെറും രണ്ട് ഗോളുകൾ മാത്രം വഴങ്ങി മിന്നും കുതിപ്പ് നടത്തി വരുന്ന സ്വിറ്റ്‌സർലൻഡ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2024ന് ശേഷം ഒരു പരാജയം മാത്രം വഴങ്ങി എത്തുന്ന സ്വിസ് ടീമിന്റെ മികച്ച ഫോം ഖത്തറിന്റെ കളി കഠിനമാക്കും. കഴിഞ്ഞ ലോകകപ്പിൽ കളിച്ച ഭൂരിഭാഗം താരങ്ങളെയും നിലനിർത്തിയാണ് സ്വിസ് ടീം എത്തുന്നത്. ആക്രമണ നിരയിൽ ഡാൻ എൻഡോയ്, ജോഹാൻ മൻസാംബി എന്നിവർ അണിനിരക്കും. ക്യാപ്റ്റൻ ഗ്രനിറ്റ് ഷാക്ക, മാനുവൽ അകാഞ്ചി, റിക്കാർഡോ റോഡ്രിഗസ് എന്നിവരുടെ ശക്തമായ നിരയുമുണ്ട്.

ഗ്രൂപ് ഘട്ടം എളുപ്പത്തിൽ കടക്കാമെന്നാണ് സ്വിസ് പ്രതീക്ഷയെങ്കിലും, ഖത്തറിനെ അവർ നിസ്സാരമായി കാണില്ല. 2022 ലോകകപ്പിൽ അർജന്റീനക്ക് ആദ്യ മത്സരത്തിൽ നേരിട്ട പോലെ ഒരു അട്ടിമറി ചിലപ്പോൾ ഇത്തവണ സംഭവിച്ചേക്കാം. ആതിഥേയരായ കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് ഗ്രൂപ്പിൽ ഖത്തറിന്റെ മറ്റു എതിരാളികൾ. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ ആദ്യ മത്സരം ഖത്തറിന് നിർണായകമാണ്. ജൂൺ 19ന് കാനഡയെയും 24ന് ബോസ്നിയ ആൻഡ് ഹെർസഗോവിനയെയും ഖത്തർ നേരിടും.

തഹ്സിന്‍

 

തഹ്സിൻ ചരിത്രം കുറിക്കുമോ ?

ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഖത്തർ കളത്തിലിറങ്ങുമ്പോൾ മലയാളികൾ ഉറ്റുനോക്കുന്നത് തഹ്സിന്റെ പേരാണ്. ഖത്തറിന്റെ മലയാളി താരം കന്നി ലോകകപ്പിൽ തന്നെ ചരിത്രം കുറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ആദ്യ ഇലവനിൽ തഹ്സിനെ കളിപ്പിക്കാൻ സാധ്യതയില്ലെങ്കിലും രണ്ടാം പകുതിയിൽ താരത്തെ പകരക്കാരനായി ഇറക്കാൻ സാധ്യതകളേറെയാണ്. ലോകകപ്പിന് മുമ്പായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും തഹ്സിൻ രണ്ടാം പകുതിയിൽ കളിച്ചിരുന്നു. എൽ സാൽവഡോറിനെതിരെയും അയർലൻഡിന് എതിരെയും മത്സരത്തിന്റെ 78ാം മിനിറ്റിലാണ് കോച്ച് ലോപ്റ്റെഗി തഹ്സിനെ പരീക്ഷിച്ചത്. പ്രതിരോധ നിരക്ക് കരുത്ത് നൽകുന്ന 4-3-3 ശൈലിയിലാണ് ടീമിനെ കളിപ്പിച്ചത്. ശക്തരായ സ്വിറ്റ്സർലൻഡിന് എതിരെയും പ്രതിരോധത്തിൽ ഊന്നിയുള്ള 4-3-3 ഫോർമേഷനിലാണ് ഖത്തർ ഇറങ്ങുന്നത് എങ്കിൽ തഹ്സിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ രണ്ടാം പകുതിയിൽ ഇടത് വിങ്ങിൽ പകരക്കാരനായി തഹ്സിനെ കളത്തിലിറക്കിയേക്കാം. പെട്ടെന്നുള്ള പ്രത്യാക്രമണങ്ങൾക്ക് അവസാന മിനിറ്റുകളിൽ അവസരങ്ങൾ ഏറെയായതിനാൽ വിങ്ങുകളിൽ വേഗമുള്ള തഹ്സിന് മികച്ച മുന്നേറ്റം നടത്താനാകും.

Tags:    
News Summary - The 'Annabis' step onto the field with the strength of a hard-fought victory; Keralites eagerly await Thahsin's performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.