കർവയുടെ ഇലക്ട്രിക് ബസ്

റോഡിൽ ഇന്ന് ടെസ്റ്റ് ഡ്രൈവ്

ദോഹ: ലോകകപ്പിനായി തെരുവിലിറക്കാൻ ഒരുക്കിയ മുവാസലാത്തിന്‍റെ 1300 വാഹനങ്ങൾക്ക് വ്യാഴാഴ്ച ടെസ്റ്റ് ഡ്രൈവ്. ദോഹ ഡൗൺ ടൗണിൽനിന്ന് അൽ ജനൂബ് സ്റ്റേഡിയം, അൽബയ്ത് സ്റ്റേഡിയം എന്നിവ ബന്ധിപ്പിക്കുന്ന ഒമ്പത് റൂട്ടുകളിലേക്കാണ് 1300 ബസുകൾ ട്രയൽറൺ നടത്തുന്നത്. ലോകകപ്പിനായി ഒഴുകിയെത്തുന്ന ദശലക്ഷം ആരാധകർക്ക് സ്റ്റേഡിയങ്ങളിലേക്കും ഫാൻസോണുകളിലേക്കുമുള്ള യാത്ര എളുപ്പമാക്കുന്നതിനായി മുവാസലാത്തിനുകീഴിൽ സർവിസ് നടത്താനൊരുങ്ങുന്ന കർവ ബസുകളാണ് ഒരേ ദിനത്തിൽ ടെസ്റ്റ് ഡ്രൈവ് നടത്തുന്നത്.

ലോകകപ്പിനായി ഖത്തർ ഓർഡർ ചെയ്തതിൽ അവസാന ബാച്ചായ 130 ഇലക്ട്രിക് ബസുകൾ ഏപ്രിലിൽ ഹമദ് തുറമുഖത്ത് എത്തിയിരുന്നു. 741 ബസുകൾക്കാണ് ലോകകപ്പ് സർവിസിന് പുതുതായി ഓർഡർ ചെയ്തത്. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾകൂടി ഉൾപ്പെടുത്തി രാജ്യത്തെ പൊതുഗതാഗത സംവിധാനം ശക്തമാക്കുകകൂടി ഗതാഗത മന്ത്രാലയത്തിന്‍റെ ലക്ഷ്യമാണ്. 2022ഓടെ മെട്രോ ലിങ്ക് സർവിസുകളിലും ഇലക്ട്രിക് ബസുകൾ പൂർണമായും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനമാക്കി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം. ദോഹക്ക് പുറമെ ലുസൈൽ സിറ്റി, അൽ ഖോർ മേഖലയിലും ഇവ സർവിസ് നടത്തും.

3000ത്തോളം ഡ്രൈവർമാർ, ഇരുനൂറോളം ഓപറേഷനൽ-അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ എന്നിവരുമായാണ് ഇ-ബസുകൾ തെരുവിലിറക്കാൻ ഒരുങ്ങുന്നത്. ലോകകപ്പോടെ രാജ്യത്തെ പൊതുഗതാഗത മേഖലയിൽ 25 ശതമാനവും വൈദ്യുതീകരിക്കുകയാണ് പ്രധാന ലക്ഷ്യം. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആധുനിക പാർക്കിങ് സൗകര്യം, എല്ലാ മേഖലകളെയും

ബന്ധിപ്പിക്കുന്ന ബസ് സർവിസുകൾ എന്നിവയും അതിന്‍റെ ഭാഗമാണ്.

Tags:    
News Summary - Test drive on the road today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.