ദോഹ: മേയ് മാസം പകുതിയോടെത്തന്നെ 40 ഡിഗ്രി കടന്ന ചൂടിൽ വെന്തുരുകുകയാണ് ഖത്തർ. മേയ് അവസാനത്തോടെ 46-47 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയർന്നെങ്കിലും യഥാർഥ ഉഷ്ണകാലം ഇനി വരാനിരിക്കുന്നതാണെന്ന് മുന്നറിയിപ്പു നൽകുകയാണ് ഖത്തർ കാലാവസ്ഥ വിഭാഗം. ജൂണിൽ തുടങ്ങി, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ചൂട് അതിശക്തമായി ഉയരും.
ഈ വർഷം ജൂണിലെ ശരാശരി ദൈനംദിന താപനില 34.7 ഡിഗ്രി സെൽഷ്യസിലായിരിക്കും. അത്യാവശ്യം ശക്തമായ ചൂടിലേക്കാണ് ഈ വർഷം നീങ്ങുന്നതെന്ന് ചുരുക്കം. 1975ൽ രേഖപ്പെടുത്തിയ 21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ജൂൺ മാസത്തിൽ ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില. അതേസമയം, ഏറ്റവും ഉയർന്ന താപനില 2010ൽ രേഖപ്പെടുത്തിയ 49.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
പൊടിപടലങ്ങളോടുകൂടിയ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനെയും ഈ മാസം പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കാഴ്ച കുറക്കുന്നതിനും കടൽ തിരമാല ഉയരുന്നതിനും ഇത് കാരണമായേക്കും.അതിശക്തമായ ചൂടും പൊടിപടലങ്ങളും കാരണം, അലർജിയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാമെന്നും, ശാരീരിക പ്രശ്നങ്ങളുള്ളവർ പൊടിപടലങ്ങളിൽനിന്ന് ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മേയ് മാസത്തിൽതന്നെ ഖത്തറിലെ അന്തരീക്ഷ താപനില പതിയെ ഉയർന്നുതുടങ്ങിയിരുന്നു. അവസാന ദിവസങ്ങളിലെത്തുമ്പോഴേക്കും ഉച്ച സമയങ്ങളിൽ 45-46 ഡിഗ്രി വരെയെത്തി തുടങ്ങി. ചൂട് കൂടിയതോടെ ജൂൺ ഒന്ന് മുതൽ പുറം തൊഴിലുകളിൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു. ചൊവ്വാഴ്ചയിലെ ഏറ്റവും ഉയർന്ന താപനില ഖത്തർ യൂനിവേഴ്സിറ്റിയിലും, മിസൈമീറിലും (45 ഡിഗ്രി) റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.