ദോഹ: സ്പേസ് എക്സിന്റെ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു. ഇതുസംബന്ധിച്ച് ഖത്തറിൽ സ്റ്റാർലിങ്ക് സേവനം ആരംഭിച്ചതായി ഇലോൺ മസ്ക് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപനം നടത്തി.
മേഖലയിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഇത് അടയാളപ്പെടുത്തുന്നത്. ഇന്റർനെറ്റ് സേവനത്തിൽ സ്റ്റാർലിങ്കിന്റെ വരവ് ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് സേവനദാതാക്കൾ മുമ്പ് ഇന്റർനെറ്റ് സേവനം നൽകാത്ത പ്രദേശങ്ങളിൽ പോലും അതിവേഗ ഇന്റർനെറ്റാണ് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇതോടെ സ്റ്റാർലിങ്കിന്റെ നൂതന സാറ്റലൈറ്റ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യങ്ങളിലൊന്നായി ഖത്തർ മാറിക്കഴിഞ്ഞു. മേഖലയിൽ ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലും സ്റ്റാർലിങ്ക് സേവനം ആരംഭിച്ചിട്ടുണ്ട്.
നേരത്തേ, ഖത്തർ എയർവേസിന്റെ വിമാനങ്ങളിലും സ്റ്റാർലിങ്ക് ഉപയോഗിച്ച് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിരുന്നു.
വിമാനയാത്രയിൽ സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് നൽകുന്ന ഏറ്റവും വലിയ ആഗോള എയർലൈനാണ് ഖത്തർ എയർവേസ്. യാത്രക്കാർക്ക് സൗജന്യവും അതിവേഗവുമായ വൈ-ഫൈ നൽകുന്നതിലൂടെ ഏവിയേഷൻ രംഗത്തും ഖത്തർ മുന്നേറ്റം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.