ഗൾഫ് മാധ്യമം ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്; ഗ്രാൻഡ് ഫിനാലെ മത്സരാർഥികളെ പ്രഖ്യാപിച്ചു
ദോഹ: ഖത്തറിലെ മികച്ച ബിരിയാണി പാചകക്കാരെ കണ്ടെത്താൻ ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ലുലു -ബ്രാഡ്മാസ് 'ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്' ഗ്രാൻഡ് ഫിനാലെ മത്സരാർത്ഥികളെ പ്രഖ്യാപിച്ചു. സെമി ഫൈനലിൽ മത്സരിച്ച 30 പേരിൽനിന്നാണ് മികച്ച 10 പേരെ തിരഞ്ഞെടുത്തത്. ഷക്കീല, സൗദ അബ്ദുല്ല, നാജിയ, സന ബാനു, ഉസൈറ, ഫൗസിയ കൗസർ, ജസീമ മുബഷിർ, പ്രഭ സലിയൻ, റുക്സാന, ധന്യ എന്നിവരാണ് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
വൈവിധ്യമാർന്ന ബിരിയാണി രുചികൾ നിറഞ്ഞ സെമിയിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാചക പ്രതിഭകളാണ് മാറ്റുരച്ചത്. പ്രശസ്തമായ തലശ്ശേരി, കോഴിക്കോടൻ ശൈലിയിലുള്ള വിഭവങ്ങൾ മുതൽ കണ്ണൂർ, ഹൈദരാബാദി ബിരിയാണി വരെ വേദിയിൽ രുചിയുടെ പുത്തൻ ലോകം തീർത്തു. വെജിറ്റേറിയൻ, ഫിഷ്, ചിക്കൻ, മട്ടൻ തുടങ്ങി വിവിധതരം ബിരിയാണികളാൽ സമൃദ്ധമായിരുന്നു മത്സരവേദി.
കുടുക്കാച്ചി ബിരിയാണി, പ്രവാൻസ് കാതൽ, ഗ്രീൻ മംഗോ കാന്താരി തുടങ്ങിയ സ്പെഷൽ റെസിപ്പികളിൽ തീർത്ത രുചി വൈവിധ്യങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടു. രുചിയിലും പ്രസന്റേഷനിലും മത്സരാർഥികൾ ഒന്നിനൊന്ന് മികവ് പുലർത്തിയപ്പോൾ വിധികർത്താക്കൾ വിജയികളെ കണ്ടെത്താൻ പ്രയാസപ്പെട്ടു. ലുലു റീജിയണൽ ഷെഫ് രവിശങ്കർ തങ്കവേൽ, സൈത്തൂൻ എക്സിക്യൂട്ടീവ് ഷെഫ് പ്രദീപ് കാനത്തിൽ എന്നിവരായിരുന്നു വിധികർത്താക്കൾ.
ഖത്തറിലെ ഏറ്റവും വലിയ ബിരിയാണി പാചകമാമാങ്കത്തിന്റെ ഫൈനൽ പോരാട്ടം വ്യാഴാഴ്ച വൈകീട്ട് അബുസിദ്റ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും. ഫൈനലിൽ ആയിരക്കണക്കിന് സന്ദർശകരെ സാക്ഷിയാക്കി തത്സമയം ബിരിയാണി തയാറാക്കി തങ്ങളുടെ രുചിവൈഭവം തെളിയിക്കാനുള്ള അവസരമാണ് ഫൈനലിസ്റ്റുകളെ കാത്തിരിക്കുന്നത്. പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് വിധികർത്താവായി എത്തും.
ബിരിയാണി രുചി വൈവിധ്യങ്ങൾ നിറയുന്ന വേദിയിൽ പ്രവാസി കുടുംബങ്ങൾക്ക് ഒത്തുകൂടാനും ആഘോഷിക്കാനുമായി വൈവിധ്യമാർന്ന വിനോദ പരിപാടികളും ഗൾഫ് മാധ്യമം ഒരുക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ട് ഗായകൻ ഗായകൻ കണ്ണൂർ ഷെരീഫ്, ഗായിക ശ്വേതാ അശോക് എന്നിവരുടെ ലൈവ് ഫെർഫോമൻസും വേദിയിൽ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.