ഖത്തർ താമസക്കാർക്ക് ഐ.ഡിയിലെ ഫോട്ടോ പുതുക്കാം; ആഭ്യന്തര മന്ത്രാലയം പുതിയ സേവനം ആരംഭിക്കുന്നു

ദോഹ: ഖത്തറിലെ താമസക്കാർക്ക് തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോകൾ പുതുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ സേവനം ആരംഭിക്കുന്നു. രാജ്യത്തെ അംഗീകൃത സ്റ്റുഡിയോകൾ വഴി ഫോട്ടോകൾ അപ്‌ഡേറ്റ് ചെയ്യാൻ സൗകര്യമൊരുക്കുന്നതാണ് പുതിയ സംവിധാനം. പദ്ധതിയുടെ സാങ്കേതിക ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും മെട്രാഷ് ആപ്പിലും സേവനം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ സേവനം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഫോട്ടോഗ്രാഫി സ്റ്റുഡിയോ ഉടമകൾക്കായി ആഭ്യന്തര മന്ത്രാലയം സെമിനാർ സംഘടിപ്പിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സാങ്കേതിക ആവശ്യകതകൾ, പ്രവർത്തന രീതികൾ എന്നിവയെക്കുറിച്ച് സെമിനാറിൽ വിശദീകരിച്ചു. പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ മേജർ മുഹമ്മദ് അലി മുഹമ്മദ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ജനറൽ ഡയറക്ടറേറ്റിലെ ഫസ്റ്റ് ലെഫ്റ്റനന്റ് എൻജിനീയർ അലി ഹസൻ അബ്ദുൽ റഹീം എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

പൊതു -സ്വകാര്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച സേവനങ്ങൾ നൽകാനാണ് പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്ന് മേജർ മുഹമ്മദ് അലി മുഹമ്മദ് പറഞ്ഞു. നിശ്ചിത നിലവാരം ഉറപ്പാക്കി ഔദ്യോഗിക രേഖകളുടെ ഗുണനിലവാരം ഉയർത്താനും സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റുഡിയോ ഉടമകൾക്ക് ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും, അംഗീകൃത സ്റ്റുഡിയോകളുടെ സജ്ജീകരണങ്ങൾ വിലയിരുത്തിയ ശേഷം ഉടൻ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും അലി ഹസൻ അബ്ദുൽ റഹീം അറിയിച്ചു.

Tags:    
News Summary - Qatar Residents Can Now Update ID Photos; Ministry of Interior Launches New Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.