ദോഹ എക്സ്പോയിൽ കായിക ദിനാഘോഷം
ദോഹ: ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി 200ഓളം പരിപാടികളുമായി ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ. ഫെബ്രുവരി 13നാണ് രാജ്യം ദേശീയ കായികദിനമായി ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് അൽ ബിദ പാർക്കിൽ 200ഓളം കായിക പരിപാടികൾ എക്സ്പോ ദോഹ പ്രഖ്യാപിച്ചു. രാജ്യത്തെ സ്വദേശികൾക്കും താമസക്കാർക്കും സന്ദർശകർക്കും ഉൾപ്പെടെ ആസ്വദിക്കാവുന്ന വിധം വൈവിധ്യമാർന്ന പരിപാടികളാണ് എക്സ്പോ അധികൃതർ തയാറാക്കുന്നത്.
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന പരിപാടികൾ ഷെഡ്യൂൾ ചെയ്തതായി അധികൃതർ അറിയിച്ചു. സ്പോർട്സും വ്യായാമവും ശീലമാക്കി ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന എക്സ്പോയുടെ ലക്ഷ്യങ്ങളുടെ ഭാഗമായി നേരത്തേ തന്നെ വിവിധ കായികപരിപാടികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡേറഷനുമായി സഹകരിച്ച് എല്ലാം കൂടുതൽ വിപുലമാക്കിയാണ് ദേശീയ കായികദിനം ആഘോഷിക്കുന്നത്. ഫാമിലി സോണിൽ അമ്പെയ്ത്ത്, ഷൂട്ടിങ്, മുവായ് തായ്, സ്പീഡ്ബാൾ, ടെലിമാച്ച് ഗെയിമുകളും പരിശീലനപരിപാടികളും നടക്കും. ഫെഡറേഷനുമായി സഹകരിച്ച് ഫെബ്രുവരി ഒമ്പത് വരെ വിന്റർ സ്പോർട്സ് മത്സരങ്ങളും എക്സ്പോ വേദിയിൽ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.