1. മുശൈരിബ് മെട്രോ സ്റ്റേഷനിൽ ആരംഭിച്ച സൂഖ് അൽ റെയിലിന്റെ ഭാഗമായി അവതരിപ്പിച്ച
‘അർദാ’ വാൾ നൃത്തം, 2. സൂഖ് അൽ റെയിലിൽ വിനോദങ്ങളിലേർപ്പെടുന്ന കുട്ടികൾ
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മുശൈരിബ് മെട്രോ സ്റ്റേഷനിൽ ഖത്തർ റെയിൽ ആരംഭിച്ച സൂഖ് അൽ റെയിൽ ശ്രദ്ധേയമാകുന്നു. ഡിസംബർ അഞ്ചിന് ആരംഭിച്ച സൂഖ് ഡിസംബർ 14ന് സമാപിക്കും. ഖത്തർ റെയിലിന്റെ ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ‘നമ്മുടെ പൈതൃകം, നമ്മുടെ അഭിമാനം’ എന്ന തലക്കെട്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മികച്ച പ്രതികരണമാണ് സൂഖ് അൽ റെയിലിന് ലഭിക്കുന്നതെന്നും, പരിപാടി വൻ വിജയമായെന്നും ഖത്തർ റെയിൽ കമ്യൂണിക്കേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി അബ്ദുല്ല അലി അൽ മവ്ലവി പറഞ്ഞു.
സ്വദേശികളും താമസക്കാരും സന്ദർശകരും ഉൾപ്പെടെ പൊതുജനങ്ങളിലേക്ക് രാജ്യത്തിന്റെ പൈതൃകവും സാംസ്കാരിക തനിമയുമെത്തിക്കുകയെന്ന ലക്ഷ്യവുമായി വിവിധ വിനോദ പരിപാടികളോടെയാണ് സൂഖ് അൽ റെയിൽ പുരോഗമിക്കുന്നത്. ആഘോഷത്തിൽ പങ്കുചേരാനും സാംസ്കാരിക വിനോദ പരിപാടികൾ ആസ്വദിക്കാനും സൂഖ് അൽ റെയിലിലേക്ക് താമസക്കാരെയും സന്ദർശകരെയും ക്ഷണിക്കുന്നതായി അൽ മവ്ലവി പറഞ്ഞു.
ദോഹ മെട്രോയിലെ മൂന്ന് ലൈനുകളുടെ സംഗമസ്ഥാനമായ മുശൈരിബ് സ്റ്റേഷൻ ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കൊടിതോരണങ്ങളാൽ അലങ്കരിച്ച് സാംസ്കാരിക -വാണിജ്യ കേന്ദ്രമാക്കിയിട്ടുണ്ട്. ദേശീയ ദിനവുമായി ണന്ധപ്പെട്ട ഉൽപന്നങ്ങളും സുവനീറുകളും സൂഖിൽ പ്രദർശനത്തിനും വിൽപനക്കും എത്തിയിട്ടുണ്ട്.
ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ച് മുതൽ രാത്രി ഒമ്പത് വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 10 വരെയുമാണ് സൂഖ് പ്രവർത്തിക്കുക.
ഖത്തറിന്റെ പ്രശസ്തമായ ‘അർദാ’ വാൾ നൃത്തം, പരമ്പരാഗത ഖത്തരി വസ്ത്രധാരണം, ഫെയ്സ് പെയിന്റിങ്, ഫാൽക്കൺറി, ദേശീയ ദിന പ്രശ്നോത്തരി പരിപാടി, സ്റ്റോറി ടെല്ലിങ് സർക്ൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സൂഖിനകത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.