ദോഹ: ടിക്ടോക്കും ഇൻസ്റ്റഗ്രാമും യൂട്യൂബും മുതൽ സകല സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളും ഇപ്പോൾ വരുമാനത്തിനുള്ള മാർഗം കൂടിയാണ്. ചെറു വിഡിയോകൾ ചെയ്ത് പതിനായിരങ്ങൾ ഫോളോവേഴ്സിനെ സൃഷ്ടിച്ച് സ്വന്തമായി ‘കണ്ടൻറ് ക്രിയേറ്റേഴ്സ്’ ആയി മാറിയവർക്ക് പെയ്ഡ് പ്രമോഷനുകൾ ചെയ്യാൻ ലൈസൻസ് വേണമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം.
പരസ്യങ്ങൾക്കും, പബ്ലിക് റിലേഷൻ പ്രവർത്തനങ്ങൾക്കുമുള്ള ലൈസൻസാണ് ഇവർക്കും ബാധകമാവുന്നതായി ‘ദോഹ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ലൈസൻസ് ഇല്ലാതെ പെയ്ഡ് കണ്ടൻറ് ചെയ്യുന്നവരുടെ അക്കൗണ്ട് ഫ്രീസ് ചെയ്യുന്ന നടപടികൾ ഉൾപ്പെടെയുള്ളവ സ്വീകരിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മന്ത്രാലയം പുറത്തിറക്കിയ നിർദേശ പ്രകാരം 25,000 റിയാലാണ് ലൈസൻസ് ഫീസ്. ഓരോ വർഷത്തിലും 10,000 റിയാൽ മുടക്കി പുതുക്കുകയും വേണം.
പെയ്ഡ് പ്രമോഷനുകളും പി.ആര് പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയ കണ്ടൻറ് ക്രിയേറ്റേഴ്സിനിടയില്‍ സജീവമാണ്. ഇങ്ങനെ പ്രതിഫലം വാങ്ങി വ്ലോഗിങോ മറ്റു സോഷ്യല്‍ മീഡിയ കണ്ടൻറുകളോ ചെയ്യുന്നവര്‍ ലൈസന്‍സ് എടുത്തിരിക്കണമെന്നാണ് മന്ത്രാലയം പരസ്യ-പി.ആർ ലൈസൻസ് മാനദണ്ഡങ്ങൾ സൂചിപ്പിക്കുന്നത്.
‘പേഴ്സനല്‍ ഫൗണ്ടേഷന് എന്ന ലേബലിലാണ് ലൈസന്‍സ് നല്‍കുന്നത്. കള്‍ച്ചറല്‍ മന്ത്രാലയത്തിന്റെ യൂസര്‍ ഗൈഡ് പ്രകാരം ഖത്തരി പൗരന്മാര്ക്ക് മാത്രമാണ് സ്വന്തം പേരില്‍ പരസ്യ-പി.ആർ ലൈസന്‍സ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് സ്ഥാപനങ്ങളുടെ പേരിലോ സ്പോണ്‍സറുടെ പേരിലോ അപേക്ഷിക്കേണ്ടി വരും. സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനും അതുവഴിയുള്ള പണമിടപാടുകളും നിയമപരമാക്കുന്നതിന്റെ ഭാഗമായാണ് നിയമം ശക്തമാക്കുന്നത്.
അനധികൃതമായും, തെറ്റായ ഫോളോവേഴ്സിന്റെ കണക്കുകളിലും വ്യാജ വാഗ്ദാനങ്ങളോടെ പെയ്ഡ് പ്രമോഷൻ നടത്തുന്ന കണ്ടൻറ് ക്രിയേറ്റേഴ്സിന് തടയിടാൻ ഇത്തരം നിർദേശങ്ങൾക്ക് കഴിയുമെന്നാണ് നിയമത്തെ കുറിച്ച് ഒരു വിഭാഗത്തിന്റെ പ്രതികരണം.
സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും സ്വാധീനവും വർധിച്ച സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ േവ്ലാഗർമാരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. എല്ലാവരും കണ്ടൻറ് ക്രിയേറ്റഴ്സായി ഇറങ്ങുേമ്പാൾ വിവിധ ഗൾഫ് രാജ്യങ്ങൾ ഇവർക്ക് നിയന്ത്രണവുമായി നേരത്തേ രംഗത്തെത്തിയിട്ടുണ്ട്. സൗദി അറേബ്യയിൽ മൂന്നുവർഷത്തെ ലൈസൻസിന് 15,000റിയാലാണ് ഫീസായി ചുമത്തുന്നത്. യു.എ.ഇയിലും ലൈസൻസും രജിസ്ട്രേഷൻ ഫീസും ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.